തൃശൂർ: മൂന്നു ദിനരാത്രങ്ങൾ നാദ വർണ്ണങ്ങൾ പെയ്തിറങ്ങിയ മണിമലർക്കാവ് കുതിരവേല സമാപിച്ചു. കൂട്ടിഎഴുന്നള്ളിപ്പിൽ കുട്ടിക്കുതിരകളടക്കം പതിനെട്ട് കുതിരകൾ അണിനിരന്നു. കുതിരകൾ ഉപചാരം ചൊല്ലി ദേശങ്ങളിലേക്ക് മടങ്ങിയതോടെയാണ് കുതിരവേലക്ക് സമാപനമായി. കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിലാണ് കുതിരവേല ആഘോഷങ്ങൾ നടന്നത്.
വേലൂർ ദേശ തിരികുതിരയുടെ തല കൊളുത്തിയതോടെയാണ് വേല ആരംഭിച്ചത്. അശ്വതി വേലയിൽ വേലൂർ ദേശക്കുതിര കാവുകയറിയതോടെ മറ്റ് കുതിരകളും ക്ഷേത്രത്തിലെത്തി. ഭരണി വേലയിൽ ദേശക്കുതിരകളായ തയ്യൂർ, തണ്ടിലം, ആർ.എം.എസ് നഗർ, എരുമപ്പെട്ടി, പാത്രാമംഗലം, പഴവൂർ, വിവിധ ഉത്സവക്കമ്മിറ്റികളായ വേലൂർ ഹഷ്മി, ഐമു നഗർ, പഞ്ചമി നഗർ, കാഞ്ഞിരാൽ, മൈത്രി നഗർ, കുറുമാൽ ശാന്തി നഗർ തുടങ്ങിയവകളുടെ കുതിരകളും കുട്ടികുതിരകളുമാണ് ക്ഷേത്രത്തിലെത്തിയത്.
പഞ്ചവാദ്യം, പാണ്ടിമേളം , ശിങ്കാരിമേളം , നാദരൂപങ്ങൾ, പൊയ്ക്കാവടി, നാടൻ കലാരൂപങ്ങൾ എന്നിവ കുതിര വരവിന് അകമ്പടിയായി. വെങ്ങിലശ്ശേരി അവകാശ പറയൻ മേലേപുരയ്ക്കൽ കുറുമ്പയുടെ അധികാര പറ കാവേറിയതിന് ശേഷം അരിത്താലത്തിനെ അനുഗമിച്ച് , ഇരിപ്പുവേല അരി താലം ചെരിഞ്ഞ്, തോറ്റം ചൊല്ലി അവസാനിച്ചു. കാർത്തിക വേലയിൽ രാവിലെ മേളത്തിന്റെ അകമ്പടിയോടെ കുതിരകളുടെ കൂട്ടി എഴുന്നെള്ളിപ്പ് നടന്നു.
ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. മേൽശാന്തി വൈകുണ്ഡം നാരായണൻ നമ്പൂതിരി സഹകാർമ്മികനായി. ഉത്സവാഘോഷങ്ങൾക്ക് ക്ഷേത്രം ട്രസ്റ്റി ശിവദാസൻ പെരുവഴിക്കാട്ട്, പ്രസിഡന്റ് ആലത്ത് ബാലകൃഷ്ണൻ, സെക്രട്ടറി ശിവദാസൻ വടുതല തുടങ്ങിയവർ നേതൃത്വം നൽകി.