പുതുക്കാട്: പതിനെട്ടര കാവുകളിൽ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം, ചിറ്റശ്ശേരി ചേന്ദംകുളങ്ങര ഭദ്രകാളി ക്ഷേത്രം, നന്തിപുലം പയ്യൂർകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലെ കുംഭഭരണി മഹോത്സവം സമാപിച്ചു.
കുറുമാലിക്കാവിൽ പുലർച്ചെ മൂന്നിന് നടതുറന്നതോടെ ദർശനത്തിന് വലിയ തിരക്ക് അനുഭവപ്പെട്ടു. ദേവീ മഹാത്മ്യ പാരായണം, ഭക്തിഗാനസുധ എന്നിവയ്ക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടന്നു. രാവിലെയും വൈകീട്ടും നടന്ന പ്രസാദ ഊട്ടിന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈകിട്ട് പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി എന്നിവ നടന്നു.
വൈകീട്ട് ആറിന് ഭക്തി സാന്ദ്രമായ പന്തൽ വരവ് നടന്നു. തുടർന്ന് വിവിധ സമുദായങ്ങളുടെ വേലവരവ് ആരംഭിച്ചു. ദീപരാധനയ്ക്ക് ശേഷം ക്ഷേത്രനടയിൽ ഇരട്ട തായമ്പക, ബാലെ എന്നിവ നടന്നു. രാത്രി പഞ്ചവാദ്യത്തോടെ ദേവിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ് ആരംഭിച്ചു. ക്ഷേത്ര മതിൽക്കെട്ടിന് പുറത്തെത്തി കാക്കനാട്ട് തറവാട്ടുകാരുടെ പറകൾ സ്വീകരിച്ചു. പതിനാറു തട്ടകങ്ങളിൽ നിന്നും ക്ഷേത്രത്തിലെത്തിയ പൂരങ്ങളുമായി ചേർന്ന് പാണ്ടിമേളത്തോടെ നടന്ന കൂട്ടിയെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. വിവിധ സമുദായങ്ങളുടെ വേലകളികൾ ഞായറാഴ്ച ഉച്ചവരെ തുടർന്നു.
പാലിയേക്കര: ചേന്ദംകുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ പുലർച്ചെ നാലിന് നട തുറന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. അഭിഷേകത്തിനും മലർ നിവേദ്യത്തിനും ശേഷം ചാന്താട്ടം നടന്നു. രാവിലെ 9 മുതൽ പാണ്ടിമേളത്തോടെ കാഴ്ചശീവേലി നടന്നു. തുടർന്ന് നടന്ന പ്രസാദ ഊട്ടിൽ നിരവധി ഭക്തർ പങ്കെടുത്തു. ഉച്ചയ്ക്ക് മേജർസെറ്റ് പഞ്ചവാദ്യം നടന്നു. വൈകിട്ട് ശ്രീ മൂലസ്ഥാനത്തേക്ക് എഴുന്നള്ളിപ്പ്, ശീവേലി എന്നിവ നടന്നു. രാത്രി കളമെഴുത്ത് പാട്ട്, ഡബിൾ തായമ്പക എന്നിവ നടന്നു. പുലർച്ചെ പാലിയേക്കര പഴയ എൻ.എച്ച് ജംഗ്ഷനിലേക്ക് എഴുന്നള്ളിപ്പും, തിരിച്ചെഴുന്നള്ളിപ്പുമായിരുന്നു ചടങ്ങുകൾ.
നന്തിപുലം: പുലർച്ചെ മുതൽ ആരംഭിച്ച ക്ഷേത്രച്ചടങ്ങുകൾക്കു ശേഷം ശീവേലി, പൊങ്കാല, പ്രസാദ ഊട്ട്, വൈകിട്ട് ലളിത സഹസ്രനാമം, നാമജപാഞ്ജലി, സോപാനസംഗീതം, രാത്രി കളമെഴുത്ത് പാട്ട്, എഴുന്നള്ളിപ്പ്, ഭഗവതി നൃത്തം എന്നിവയായിരുന്നു പരിപാടികൾ.