പാവറട്ടി: തൃശൂർ കോൾ പടവുകളിൽ ഇനി ഇരിപ്പൂക്കൃഷിയുടെ ഭാഗമായി നവര നെല്ലും വിളയും. ഓപറേഷൻ കോൾ ഡബിൾ പദ്ധതി പ്രകാരം കൃഷി വകുപ്പാണ് ഒന്നാം പൂവിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ മഴക്കാലം എത്തുന്നതിന് മുമ്പ് മറ്റൊരു വിളവ് കൂടി ഇറക്കുന്നത്. സാധാരണ കൊയ്ത്ത് കഴിഞ്ഞാൽ ബാക്കി സമയം തരിശിടാറാണ് പതിവ്. കഴിഞ്ഞവർഷം ചില പാടശേഖരങ്ങളിൽ രണ്ടാം പൂവ് നെൽക്കൃഷി ഇറക്കിയിരുന്നു. നല്ല വിളവും ലഭിച്ചു.

ഇത്തവണ കനത്ത മഴ മൂലം ഒന്നാം പൂവ് കൃഷി ഒന്നര മാസം വൈകിയാണ് ഇറക്കിയതിനാൽ എല്ലാ പാടശേഖരങ്ങളിലും രണ്ടാം പൂവ് നെൽക്കൃഷി ഇറക്കാൻ സാധിക്കാത്തതിനാലാണ് മറ്റ് കൃഷിയിലേക്ക് തിരിഞ്ഞത്. കർഷകർക്ക് അധിക വരുമാനവും വിളപരിക്രമത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠിത വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതനുസരിച്ച് 400 ഹെക്ടറിൽ പയറും 60 ഹെക്ടറിൽ നവര നെല്ലും 25 ഹെക്ടറിൽ ചോളവും മാർച്ചിൽ കൃഷിയിറക്കും. ഇതിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പാടശേഖരങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പെട്ടിയും പറയേക്കാൾ പ്രവർത്തന ക്ഷമത കൂടിയ സബ് മേഴ്‌സിബിൾ പമ്പ് സെറ്റുകളുടെ വിതരണവും നടത്തി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷയായി.

സംസ്ഥാന വിത്ത് വികസന അതോറിറ്റി കൃഷി ജോയിന്റ് ഡയറക്ടർ എം.പി. ഗോപിദാസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി. സന്ധ്യ, കാർഷിക സർവകലാശാല പ്രൊഫസർ ഡോ. എസ്. അനിത, ലെയ്‌സൺ ഓഫീസർ ഡോ. എ.ജെ. വിവൻസി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൻ.കെ. സരസ്വതി, കോൾ കർഷക സംഘം ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, കൃഷി ഓഫീസർ റിസ മോൾ സൈമൺ എന്നിവർ പ്രസംഗിച്ചു.