ചാവക്കാട്: ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തിന് ആയിരങ്ങളെത്തി. രാവിലെ നാലിന് പള്ളിയുണർത്തലിന് ശേഷം ചടങ്ങുകൾ തുടങ്ങി. തുടർന്ന് അഭിഷേകം, ഉഷപൂജ, കാഴ്ചശീവേലി, കലശാഭിഷേകം തുടങ്ങിയ താന്ത്രിക കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി സി.കെ നാരായണൻകുട്ടി ശാന്തി, മേൽശാന്തി എം.കെ ശിവാനന്ദൻ, കീഴ്ശാന്തിമാരായ സുബിൻചന്ദ്രൻ, അഭിജിത്ത്, ഷിൻജിത്ത് എന്നിവർ കാർമ്മികത്വം വഹിച്ചു. വൈകിട്ട് 3.30ന് ശ്രീശങ്കരപുരം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെയും, വെള്ളിത്തിരുത്തി ഉണ്ണിനായർ, ഗുരുവായൂർ ശശിമാരാർ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും, ഗുരുവായൂർ മുരളി പാർട്ടിയുടെ നാദസ്വരത്തിന്റെ അകമ്പടിയോടെ ക്ഷേത്ര എഴുന്നള്ളിപ്പ് നടന്നു. വൈകിട്ട് വിവിധ കരകളിൽ നിന്നായി കോഴിക്കുളങ്ങര, ദ്യശ്യ, പുഞ്ചിരി, ശ്രീബ്രഹ്മ, ഭൈരവ, കർമ്മ, സനാതന, ശ്രീശിവലിംഗദാസ, സമന്വയ, ശ്രീഗുരുദേവ, തത്ത്വമസി, ശ്രീഗുരുശക്തി, മഹേശ്വര, ശ്രീനാരായണ സംഘം തുടങ്ങിയ ഉത്സവാഘോഷ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ വാദ്യമേളങ്ങളോടെ വർണക്കാവടികൾ, പ്രാചീനകലാരൂപങ്ങൾ, ഗജവീരന്മാർ, തെയ്യം, തിറ എന്നിവയോടു കൂടിയ എഴുന്നള്ളിപ്പു നടന്നു.
രാത്രി 9.30ന് ആറാട്ട് എഴുന്നെള്ളിപ്പ് ആരംഭിച്ച് 10.30ന് ആറാട്ടും, തുടർന്ന് കൊടിയിറക്കലോട് കൂടി ഉത്സവം സമാപിച്ചു. ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫ. സി.സി. വിജയൻ, സെക്രട്ടറി എം.കെ. വിജയൻ, ട്രഷറർ എ.എ ജയകുമാർ, വൈസ് പ്രസിഡന്റുമാരായ കെ.എ വേലായുധൻ, വാക്കയിൽ മുരളീധരൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.ആർ രമേഷ്, കെ.എൻ പരമേശ്വരൻ, എൻ.കെ. രാജൻ, ആറ്റൂർ രാജൻ, എൻ.ജി പ്രവീൺകുമാർ, എൻ.വി. സുധാകരൻ, കെ.എ. ബിജു, എം.എസ് ജയപ്രകാശ്, കെ.കെ സതീന്ദ്രൻ, എം.കെ ഗോപിനാഥൻ, കെ.സി സുരേഷ്, എം.വി ഹരിദാസൻ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പനയ്ക്കൽ സുനിൽ എന്നിവർ നേതൃത്വം നൽകി.
ചാവക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ യു.കെ ഷാജഹാൻ, ടി.എം കശ്യപൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.