ചാലക്കുടി: സൂര്യാഘാത ഭീതിയിൽ മേലൂർ പഞ്ചായത്ത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഒമ്പതു പേർക്കാണ് ഇവിടെ ചെറുതും വലുതുമായ സൂര്യതാപമേറ്റത്. ആദ്യം ഒരു വിദ്യാർത്ഥിക്ക് മേലൂർ പാരീഷ് ഹാൾ റോഡിൽ വച്ചും മറ്റുള്ളവർക്ക് പാടത്ത് പണിയെടുക്കുമ്പോഴുമായിരുന്നു കത്തുന്ന വെയിയിൽ ദേഹം പൊള്ളിയത്.
പിണ്ടാണിയിലെ കരിങ്ങാമ്പിള്ളി പാടശേഖരത്തിലായിരുന്നു അഞ്ചു ദിവത്തിനിടെ രണ്ടു സ്ത്രീകളടക്കം എട്ടു പേർക്ക് പൊള്ളലേറ്റത്. മേലൂരിലെ പ്രശസ്ത കർഷകൻ പെരിങ്ങാത്ര മോഹനന് വ്യാഴാഴ്ച ഉച്ചയോടെയാണ് സൂര്യാഘാതമേറ്റത്. കൂടെയുള്ള ഇതര സംസ്ഥാനക്കാരായ രണ്ടു പേരും സൂര്യകോപത്തിന് ഇരയായി.
പഞ്ചായത്തിൽ വ്യാപകമായി കാർഷിക വിളകളെയും കത്തുന്ന ചൂട് ബാധിച്ചിട്ടുണ്ട്. നിരവധി കർഷകരുടെ പയർ കൃഷി കരിഞ്ഞുണങ്ങി. തെങ്ങ്, ജാതി തുടങ്ങി നാണ്യവിളകൾക്കും ദുരിത കാലമാണ്. നൂറുകണക്കിന് വീട്ടുകാരുടെ ജാതികളാണ് നശിക്കുന്നത്. ഇത്രയും രൂക്ഷമായ ചൂട് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് ആദ്യകാല കർഷകൻ പിണ്ടാണിയിലെ കുരിശുമൂട്ടിൽ ജോയ് വർഗീസ് പറയുന്നു. ഉച്ചയ്ക്കു ശേഷമുള്ള കാഠിന്യമേറിയ തെക്കൻ ചൂടാണ് കാർഷിക വിളകളെ കരിയിച്ചു കളയുന്നതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി പഞ്ചായത്തിൽ കനാൽ വെള്ളം സുലഭമാണ്. വിളകളുടെ കടയ്ക്കൽ വെള്ളം എത്തുമ്പോഴും സൂര്യ രശ്മികളെ പ്രതിരോധിക്കാൻ കഴിയാതെ വരുന്നതിനാൽ വാടിത്തളരുകയാണ്. ചാലക്കുടി മണ്ഡലത്തിൽ ഇക്കുറി ആദ്യമായി സൂര്യാഘാതം റിപ്പോർട്ട് ചെയ്തത് മേലൂരാണ്.
മഹാപ്രളയ വർഷത്തിലും മേലൂരിൽ സൂര്യാഘാതമുണ്ടായിരുന്നു. കൂടുതൽ പേർ സൂര്യാഘാതത്തിന് ഇരകളാകുന്ന പ്രതിഭാസത്തെക്കുറിച്ച് കാലാവസ്ഥ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
പി.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റ്
നാലു പതിറ്റാണ്ടായി മണ്ണിനോട് മല്ലിടുന്നയാളാണ്, സൂര്യാഘാതം ആദ്യ അനുഭവമാണ്. കരിങ്ങാമ്പിള്ളി പാടശേഖരത്തിൽ വച്ചായിരുന്നു സംഭവം. കഴിഞ്ഞ പ്രളയകാലത്തിന് മുന്നോടിയുണ്ടായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇനിയും വെയിൽ കനത്താൽ ഗുരുതര പ്രശ്‌നങ്ങൾ സംഭവിക്കാം.
- പെരിങ്ങാത്ര മോഹനൻ, കർഷകൻ