ഗുരുവായൂർ: ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ ചിതാഭസ്മം ആനത്താവളത്തിലെത്തിച്ചു. പത്മനാഭനെ സംസ്‌കരിച്ച കോടനാട് നിന്നും ഗുരുവായൂരിലെത്തിച്ച ചിതാഭസ്മം ദേവസ്വം ഭരണസമിതി അംഗം എ.വി പ്രശാന്ത് ഏറ്റുവാങ്ങി. തുടർന്ന് ആനത്താവളത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പത്മനാഭന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് വെച്ച് ചിതാഭസ്മം നിറച്ച കുടങ്ങൾ സ്ഥാപിച്ചു.
ചടങ്ങിൽ ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എസ്. ശശിധരൻ, ജീവധനം ഉദ്യോഗസ്ഥർ, ആനത്താവളത്തിലെ ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ചിതാഭസ്മം നിമജ്ജനം അടക്കമുള്ള കാര്യങ്ങളിൽ ഇന്ന് ഭരണസമിതി തീരുമാനമെടുക്കും. മൂന്നിന് വൈകീട്ട് ആറിന് കിഴക്കേ നടയിൽ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പത്മനാഭൻ അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്. അനുസ്മരണ ചടങ്ങ് നടക്കുന്ന വേദിയിൽ ചിതാഭസ്മം നിറച്ച കുടങ്ങൾ പ്രദർശിപ്പിക്കും.