വാടാനപ്പള്ളി : ചേറ്റുവ ഹാർബറിലെ കംഫർട്ട് സ്റ്റേഷനിൽ നിന്ന് മറന്നുവച്ച നിലയിൽ പാക്കിസ്ഥാൻ കറൻസി ലഭിച്ചു. ഇന്നലെ രാവിലെ ശുചീകരണ മുറിയിൽ ആരോ മറന്നു വെച്ച നിലയിൽ പത്ത് രൂപയുടെ ഒരു കറൻസിയും ചില ഫോൺ നമ്പറുകൾ എഴുതിയ കടലാസ് തുണ്ടുമാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. പാക്കിസ്ഥാൻ സ്വദേശികൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടാകാമെന്ന സംശയത്തിൽ തൊഴിലാളികൾ പൊലീസിനെ അറിയിച്ചു. കടലോരത്തായതാണ് ദുരൂഹത സൃഷ്ടിച്ചത്. കടൽമാർഗം ആളുകൾ എത്തുമെന്ന ഭീഷണി നേരത്തെ ഉണ്ടായിരുന്നു. വിവരം അറിയിച്ചതോടെ തീരദേശ പൊലീസും വാടാനപ്പിള്ളി പൊലീസും സ്ഥലത്ത് പാഞ്ഞെത്തി. ലഭിച്ച നോട്ട് വാടാനപ്പിള്ളി പൊലീസ് കൊണ്ടുപോയി. ആരുടെയെങ്കിലും നാണയ ശേഖരത്തിലെ നോട്ട് ആവാമെന്ന സംശയം പൊലീസിനുണ്ട്. ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി