തൃശൂർ: വേനലിനൊപ്പം വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമ്പോൾ ജലസംഭരണം ഉറപ്പുവരുത്തുന്ന കുളവെട്ടി മരങ്ങളുടെ സംരക്ഷണത്തിന് വഴിയൊരുക്കുന്നു. എളവള്ളി പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് പുനർജന്മം നൽകി മണ്ണും, ജലവും സംരക്ഷിച്ച് ജലദൗർലഭ്യമില്ലാത്ത പഞ്ചായത്താക്കാനുളള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. ഇരുന്നൂറോളം മരങ്ങളുള്ള പോർക്കുളം പഞ്ചായത്തിലെ കലശമലയിൽ പുതിയ തൈകൾ നട്ട് പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം ഏതാനും വർഷങ്ങൾ മുമ്പ് ഇത്തരമൊരു ശ്രമം നടത്തിയിരുന്നു. കടുത്ത വേനലിലും വറ്റാത്ത ഇവിടുത്തെ ചതുപ്പുനിലം വരണ്ടുണങ്ങിയതോടെയായിരുന്നു ഇത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല.
ആവാസ വ്യവസ്ഥയിലെ മാറ്റം മൂലം ഈ മരത്തിന്റെ സ്വാഭാവികമായ തൈ വളരൽ നിലച്ചതായി ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരുന്നു. ഇത്തരം സസ്യങ്ങളെ ഇപ്പോഴത്തെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾക്ക് പിന്നീട് തുടർച്ചയില്ലാതായി. കുളവെട്ടി പോലുളള അപൂർവ സസ്യങ്ങൾ, അനുകൂലമായ ആവാസ വ്യവസ്ഥയുളള സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വെച്ചുപിടിപ്പിച്ച് ജലസംഭരണം ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അപൂർവ്വം, ഗുണപ്രദം
# ജലം സംഭരിക്കാനും സംരക്ഷിക്കാനും കഴിവുള്ള ഞാവൽ കുടുംബത്തിൽപ്പെട്ട കുളവെട്ടിമരം അപൂർവ്വം
# ഇന്റർനാഷ്ണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്ച്വറലിന്റെ വംശനാശ ഭീഷണി പട്ടികയിൽ
# കേരളത്തിൽ ബാക്കിയുള്ളത് അറുന്നൂറോളം മരങ്ങളെന്ന് ശാസ്ത്രജ്ഞരുടെ നിഗമനം
# ചതുപ്പുസ്വഭാവമുള്ള മണ്ണിൽ ചരൽ വന്ന് അടിയാൻ ഇടയാകുന്നത് കുളവെട്ടി മരങ്ങളുടെ വേരറുക്കുന്നു
35298 രൂപയുടെ അടങ്കൽ തുക
എളവള്ളിയിൽ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയിട്ടുള്ള പദ്ധതിക്ക് 35298 രൂപയുടെ അടങ്കൽ തുകയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ എളവള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കണിയാംതുരുത്തിലുള്ള 40 സെന്റ് സ്ഥലത്ത് 50 കുളം വെട്ടി മരങ്ങൾ വെച്ച് പിടിപ്പിക്കും. പിന്നീട് മണിച്ചാൽ തോടിന്റെ ഇരുകരകളിലും വെച്ചുപിടിപ്പിക്കും. നട്ട മരങ്ങളുടെ തുടർ പരിപാലനവും സുരക്ഷയുമാണ് പദ്ധതിയിൽ പ്രധാനം.
'' മണ്ണിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ അതിജീവിക്കാനുള്ള മരമാണ് കുള വെട്ടിമരങ്ങൾ. ഇത്തരം വംശനാശ ഭീഷണി നേരിടുന്ന മരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിറുത്താൻ ആവശ്യമാണ് ''
- വി.എസ് സുനിൽകുമാർ, കൃഷി മന്ത്രി
(എളവള്ളി കണിയാംമുത്തിൽ കുളവെട്ടി മരങ്ങളുടെ സംരക്ഷണോദ്ഘാടനം നിർവഹിച്ച് നടത്തിയ പ്രസംഗം)