തൃശൂർ: യാത്രക്കാരുമായുള്ള സംഘർഷത്തിൽ വനിതാ കണ്ടക്ടർക്കും, ഡ്രൈവർക്കും മർദ്ദനമേറ്റു. രണ്ട് സംഭവത്തിലും പൊലീസ് കേസെടുത്തു. ചാലക്കുടി മണ്ണുത്തി റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസിലെ കണ്ടക്ടർ അഷ്ടമിച്ചിറ സ്വദേശി പാബ്ലിയത്ത് ഷൈല, ഡ്രൈവർ രതീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. വനിതാ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ യാത്രക്കാരനായ ചിറ്റിശേരി കളരിക്കൽ രാധാകൃഷ്ണനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. രതീഷിനെ മർദ്ദിച്ച സംഭവത്തിൽ തൃശൂർ സ്വദേശി നിധിൻ എന്നയാൾക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബസ് മണ്ണുത്തിയിലേക്ക് പോകുന്നതിനിടെ മദ്യപിച്ചെത്തിയ യാത്രക്കാരൻ കണ്ടക്ടറെ മുഖത്തും കൈയിലും അടിക്കുകയായിരുന്നു.

ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന പെൺകുട്ടി സീറ്റിലേക്ക് കാൽ നീട്ടി ചവിട്ടുന്നത് നിറുത്താൻ ആവശ്യപ്പെട്ടതിനാണ് ഡ്രൈവർ രതീഷിന് മർദ്ദനമേറ്റത്. കാൽ മാറ്റാൻ ഡ്രൈവർ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്ത പെൺകുട്ടി ആൺ സുഹൃത്തിനെ വിളിച്ചുവരുത്തി. തൃശൂർ സ്റ്റാൻഡിന് സമീപത്ത് വെച്ച് ബസ് തടഞ്ഞ് മർദ്ദിക്കുകയായിരുന്നു. ഇതിന് ശേഷം സ്റ്റാൻഡിലെത്തി ബസും ആക്രമിച്ചു. തൊട്ടിൽപ്പാലത്തു നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ സ്റ്റിയറിംഗ് ഉൾപ്പെടെ കേട് വരുത്തി. ഇയാൾ വന്ന കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് വിലാസം കണ്ടെത്തിയാണ് നിധിനെതിരെ കേസെടുത്തത്. ഡ്രൈവർക്കെതിരെ ശല്യപ്പെടുത്തിയെന്ന് കാട്ടി പെൺകുട്ടി നൽകിയ പരാതിയിലും കേസെടുത്തു. വളാഞ്ചേരിയിൽ നിന്നാണ് തർക്കം തുടങ്ങുന്നത്. തൊട്ടുപിന്നിലെ സീറ്റിലിരുന്നിരുന്ന യുവതിയോട് ഡ്രൈവർ സീറ്റിൽ നിന്നു കാലെടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുവതി പിന്നീട് കാലെടുത്ത് മാറ്റി. ഡ്രൈവർക്കെതിരായ കേസ് സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നതായി ജീവനക്കാർ ആരോപിച്ചു. ഡ്രൈവർക്കെതിരെ എടുത്ത കേസ് കള്ളക്കേസാണെന്നും പൊലീസ് പ്രതികൾക്കായി ഒത്തു കളിക്കുന്നുവെന്നും ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.