local

തൃശൂർ: പ്രശസ്ത കമ്പനികളുടെ എം.ഡിയെന്ന് പരിചയപ്പെടുത്തി ജൂവലറികളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ്ണ നാണയം തട്ടിയെടുത്തയാൾ പിടിയിൽ. കോഴിക്കോട് തിക്കോടി വടക്കെപുരയിൽ വീട്ടിൽ റാഹിലാണ് (25) ഷാഡോ പൊലീസിൻ്റെ പിടിയിലായത്. ജൂവലറികളിലേക്ക് ഫോണിൽ വിളിച്ച് പ്രശസ്ത കമ്പനിയുടെ എം.ഡിയാണെന്നും തൻ്റെ കമ്പനിയുടെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കുവാനാണെന്നും പറഞ്ഞാണ് ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് സ്വർണ്ണനാണയങ്ങൾ ഇയാൾ ഓർഡർ ചെയ്യാറ്.

പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സ്വർണ്ണനാണയം എത്തിക്കാനും പറയും. സ്വർണ്ണനാണയങ്ങളുമായി ഹോട്ടലിലെത്തുന്ന ജുവലറി ജീവനക്കാരെ ഹോട്ടലിൻ്റെ ലോബിയിലിരുത്തി എം.ഡിയുടെ പി.എ ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട് എം.ഡി റൂമിൽ ഉണ്ടെന്ന് വിശ്വസിപ്പിക്കും. എം.ഡിയുടെ കൈയിൽ നിന്ന് പണം വാങ്ങി കൊണ്ടുവരാമെന്ന് പറഞ്ഞ് മുങ്ങും. കഴിഞ്ഞ ജനുവരി 29 ന് തൃശൂർ പുത്തൻപള്ളിക്കടുത്തുള്ള ജുവലറിയിൽ നിന്ന് ഇങ്ങനെ സ്വർണ്ണം തട്ടിയെടുത്തിരുന്നു. ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് സ്വർണ്ണനാണയങ്ങളാണ് തട്ടിയെടുത്തത്. ജീവനക്കാർ നെടുപുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിറ്റി ഷാഡോ പൊലീസ് റാഹിലിനെ കുടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

തട്ടിച്ചത് പ്രമുഖ ജൂവലറിക്കാരെ

കഴിഞ്ഞ നവംബറിൽ ഒരു പവൻ തൂക്കം വരുന്ന അഞ്ച് സ്വർണ്ണനാണയങ്ങൾ റാഹിൽ തട്ടിയെടുത്തത് തൃശൂരിലെ പ്രമുഖ ജൂവലറിയിൽ നിന്നായിരുന്നു. ജനുവരിയിൽ തന്നെ അങ്കമാലിയിലെ പ്രമുഖ ജൂവലറി ജീവനക്കാരെയും തട്ടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലിൽ സ്വർണ്ണനാണയം എത്തിക്കാൻ പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിലെ പ്രശസ്തമായ ജൂവലറിയിലും തട്ടിപ്പ് നടത്തി. ജനുവരിയിൽ എറണാകുളത്തെ ജൂവലറിയിൽ വിളിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പിൻ്റെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി മകൾക്ക് സമ്മാനം നൽകാനായി രണ്ട് ഡയമണ്ട് മോതിരങ്ങൾ ഓർഡർ ചെയ്തായിരുന്നു തട്ടിപ്പ്.

ബോൾഗാട്ടിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ എത്തിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന്, ഹോട്ടലിലെത്തിയ ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഡയമണ്ട് മോതിരങ്ങളും തട്ടിയെടുത്തു. ജനുവരിയിൽ തന്നെ കൊല്ലത്തുള്ള പ്രശസ്ത മൊബൈൽ ഷോപ്പിലേക്ക് ഫോണിൽ വിളിച്ച്, വ്യവസായ ഗ്രൂപ്പിൻ്റെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി ഒന്നര ലക്ഷത്തോളം വിലവരുന്ന ഐ ഫോൺ പ്രോ മാക്‌സ് മൊബൈൽ ഫോൺ ഓർഡർ ചെയ്തിരുന്നു. കൊല്ലം ത്രീ സ്റ്റാർ ഹോട്ടലിൽ എത്തിയ ജീവനക്കാരെ കബളിപ്പിച്ച് മൊബൈലുകളുമായി മുങ്ങി.

പ്രതിയെ പിടികൂടുന്ന സമയത്ത് കൈവശം അവശേഷിച്ചിരുന്നത് വെറും 30 രൂപ മാത്രം. തട്ടിപ്പു നടത്തി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് പ്രതി അത്യാഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലുമാണ് താമസിച്ചിരുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസും നെടുപുഴ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. നെടുപുഴ സി.ഐ എ.വി ബിജു, എസ്.ഐ സതീഷ് കുമാർ, സിറ്റി ഷാഡോ പൊലീസിലെ എസ്.ഐമാരായ ടി.ആർ ഗ്ലാഡ്സ്റ്റൺ, എൻ.ജി സുവ്രതകുമാർ, പി.എം റാഫി, രാജൻ, എ.എസ്.ഐമാരായ ഗോപാലകൃഷ്ണൻ, പി. രാഗേഷ്, ടി.വി ജീവൻ, പഴനിസ്വാമി, പി.കെ ലിഗേഷ്, വിപിൻദാസ്, എ.എസ്.ഐ സുനിൽ എന്നിവർ ഉൾപ്പെടുന്ന അന്വേഷണസംഘമാണ് റാഹിലിനെ അറസ്റ്റ് ചെയ്തത്...