കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് തുണിക്കട കുത്തിതുറന്ന് പണം കവർന്നയാളെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ.പുരം സ്വദേശി ശ്രീനാരായണപുരത്ത് ശ്രീജിത്തിനെയാണ് (21) എസ്.ഐ കെ.പി. മിഥുനും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാത്രിയിലാണ് കവർച്ച നടന്നത്. എസ്.എൻ പുരം സെന്ററിൽ പ്രവർത്തിക്കുന്ന സാറ ഫാഷൻസ് സ്ഥാപനം കുത്തിതുറന്ന് മൂവായിരം രൂപ കവരുകയായിരുന്നു. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. പിറകു വശത്തെ ഷട്ടർ തകർത്ത് ഗ്ലാസ് നീക്കിയാണ് ഇയാൾ അകത്ത് കടന്നത്. മോഷണ രംഗം കടയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പതിയുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചക്ക് പ്രതിയെ എസ്.എൻ പുരത്ത് നിന്ന് പിടികൂടിയത്.
ആന പാപ്പാന്റെ സഹായിയാണ് ഇയാൾ. നേരത്തെ അടിപിടി കേസിലും കളവ് കേസിലും പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം അഡിഷണൽ എസ്.ഐ. സൂരജ്, എ.എസ്.ഐ. ബാബു, സി.പി.ഒ മാരായ ജിബിൻ, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.