തൃശൂർ : കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാനായി സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ രണ്ടാം ഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ സംഭരിച്ചത് 49.8 കോടി രൂപ മൂല്യമുള്ള 18,444 ടൺ നെല്ല്. കൊയ്ത്തു നടക്കുന്ന വേളയിൽ തന്നെ മില്ല് അനുവദിച്ച് കിട്ടുന്നതിനാൽ കൊയ്ത്തു കഴിഞ്ഞ് നെല്ല് വൃത്തിയാക്കുന്നതോടെ സംഭരണവും ആരംഭിക്കാം. ഇതോടെ ദിവസങ്ങളോളം പാടത്ത് നെല്ല് കിടക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകില്ല. കർഷകർ അപേക്ഷകൾ യഥാസമയം അതത് കൃഷിഭവനിലും തുടർന്ന് കൃഷി ഓഫീസർമാരുടെ ശുപാർശയോടെ സംഭരണ ഓഫീസിലും എത്തിക്കുന്നതിനാൽ കാലതാമസം ഉണ്ടാവില്ലെന്ന് സപ്ലൈ ഉദ്യോഗസ്ഥർ പറയുന്നു. കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക നിക്ഷേപിക്കുക.
കൂടാതെ ജില്ല സഹകരണ ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഗ്രാമീൺ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകൾ കർഷകർക്ക് പി.ആർ.എസ് വായ്പാ പദ്ധതി പ്രകാരം വായ്പയായി നൽകുന്ന തുക പലിശ സഹിതം സപ്ലൈകോ തിരിച്ചടയ്ക്കുന്ന രീതിയാണ് ഉള്ളത്. അതേ സമയം കഴിഞ്ഞ തവണ പണം നൽകിയത് സർക്കാർ തിരിച്ചടയ്ക്കാത്തത് മൂലം കർഷകർക്ക് ബാങ്കുകൾ നോട്ടീസ് അയച്ചിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കുമോയെന്ന് ആശങ്കയുണ്ട്.
കിലോയ്ക്ക്
സ്വകാര്യ മില്ലുകൾ നൽകുന്നത് - 19 രൂപ
സപ്ലൈകോ നൽകുന്നത് 26.95
കേന്ദ്രസർക്കാർ വിഹിതം 18.15
സംസ്ഥാന സർക്കാർ വിഹിതം 8.80
ആകെ രജിസ്റ്റർ ചെയ്തവർ 42,017 പേർ
രജിസ്റ്റർ ചെയ്ത താലൂക്കുകൾ
തൃശൂർ 18,087 പേർ.
ചാലക്കുടി 2639
ചാവക്കാട് 3645
കൊടുങ്ങല്ലൂർ 209
മുകുന്ദപുരം 4878
തലപ്പിള്ളി 12,559
നെല്ല് സംഭരണം
തലപ്പിള്ളി 14,793 ടൺ.
ചാലക്കുടി 5,409
ചാവക്കാട് 1,536,
കൊടുങ്ങല്ലൂർ 6,75
മുകുന്ദപുരം 8,321,
തൃശൂർ 2,056
2020 ജൂണിൽ നെല്ല് സംഭരണം പൂർത്തിയാകും
ഗുണനിലവാര സൂചിക
ബാഹ്യ വസ്തുക്കൾ (ജൈവം 1% അജൈവം 1%,), കേടായത് / മുളച്ചത് 4%, നിറം മാറിയത് 1%, പാകമാകാത്തതും ചുരുങ്ങിയതും 3%, താഴ്ന്ന ഇനങ്ങളുടെ കലർപ്പ് 6%, ഈർപ്പം 17%.