കോടാലി: വനം വകുപ്പുമായി ആലോചിച്ച് വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ നടപടിയെടുക്കുമെന്ന് ചൊക്കനയിലെത്തിയ കളക്ടർ പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിലെ വന്യമൃഗശല്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു കളക്ടർ. വെള്ളിക്കുളങ്ങര വനമേഖലയിലെ വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളും, ദുരിതം അനുഭവിക്കുന്ന ജനങ്ങളെയും ചൊക്കനയിൽ കാട്ടാനയെ കണ്ട് ഭയന്ന് ചികിത്സയിലിരിക്കെ മരിച്ച റാബിയയുടെ കുടുംബത്തെയും കളക്ടർ എസ്. ഷാനവാസ് സന്ദർശിച്ചു.
കുറിഞ്ഞിപ്പാടം, പോത്തൻചിറ, നായാട്ടുകുണ്ട് പ്രദേശങ്ങളിലെ വന്യ ജീവി ആക്രമണവും, കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാനശല്യത്തിനും പരിഹാരം കാണണമെന്ന് കർഷകർ പറഞ്ഞു. കാർഷിക വിള നഷ്ടത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഒട്ടേറെ സമയം പ്രദേശവാസികളുടെ പരാതികൾ കേട്ട ശേഷം വെള്ളിക്കുളങ്ങര വില്ലേജിലെത്തി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി മലയോരപ്രദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച നടത്തി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ ചള്ളിയിൽ, മറ്റത്തൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയ് കാവുങ്ങൽ, ക്ലാരജോണി, ഷീബ വർഗീസ്, തഹസിൽദാർ ഇ.എൻ. രാജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.