anthikkad
മരിച്ച ശ്രുതി

അന്തിക്കാട്: വിവാഹം കഴിഞ്ഞ് പതിനാലാം നാൾ മരിച്ച നിലയിൽ കാണപ്പെട്ട പെരിങ്ങോട്ടുകര കിഴക്കുംമുറി കരവേലി വീട്ടിൽ അരുണിന്റെ ഭാര്യ ശ്രുതിയുടെ (26) മരണം കുഴഞ്ഞ് വീണതു മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിന് ചുറ്റും നിർബന്ധിത ബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 2020 ജനുവരി ആറിന് രാത്രി ഒമ്പതരയോടെ അരുണിന്റെ വീട്ടിലെ ബാത്‌റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വാഭാവികമെന്ന നിലയിലായിരുന്നു സംസ്‌കാര നടപടികൾ പൂർത്തീകരിച്ചത്. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത അന്തിക്കാട് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മുഖത്തും തലയിലും കഴുത്തിലും മുറിവുകളുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനകളുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് അന്തിക്കാട് പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടതായി ശ്രുതിയുടെ പിതാവ് മുല്ലശ്ശേരി പറമ്പൻതളി സ്വദേശി നരിയം പുള്ളി ആനേടത്ത് സുബ്രഹ്മണ്യൻ പറഞ്ഞു. ശ്രുതിയുടെ മരണം സംബന്ധിച്ച് ഭർത്തൃവീട്ടുകാർ ആദ്യം നൽകിയ മൊഴിയും ഇപ്പോൾ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. ഇത് സംബന്ധിച്ച് പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്നും അന്തിക്കാട് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് കുമാർ പി. കെ , എസ്.ഐ ജിനേഷ് കെ. ജെ എന്നിവർ പറഞ്ഞു.