ഇളവ് കർശന ഉപാധികളോടെ

തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും ഉത്സവപ്പറമ്പുകളിലേക്ക്. കർശന നിയന്ത്രണങ്ങളോടെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ആനപ്രേമികളിൽ ആവേശം വിതറുന്ന തീരുമാനമാണ് നാട്ടാന പരിപാലന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി എടുത്തിട്ടുള്ളത്.

രാമചന്ദ്രന്റെ വലത്തെ പിൻകാലിലെ മുറിവും കൂടി പരിഗണിച്ചാണ് നടപടി. കഴിഞ്ഞ വർഷം ചാവക്കാട് ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ട് വന്നപ്പോൾ രണ്ട് പേരെ ചവിട്ടി കൊന്നതിനെ തുടർന്നാണ് തെച്ചിക്കോട്ടുകാവിന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും പിന്നീട് കഴിഞ്ഞ തൃശൂർ പൂരത്തിന് വിളംബരമറിയിക്കാനെത്തുന്ന നെയ്തലക്കാവിലമ്മയെ എഴുള്ളിക്കാൻ ഒരു മണിക്കൂർ ഇളവ് നൽകുകയുമായിരുന്നു. കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

നിബന്ധനകൾ


എഴുന്നള്ളിക്കുമ്പോൾ ആളുകൾക്കിടയിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധി വേണം

രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് എഴുന്നള്ളിപ്പ്

തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മാത്രമാണ് ആനയെ എഴുന്നള്ളിക്കാവൂ.

രണ്ടു ദിവസം ഇടവിട്ട് മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ട് പോകാൻ അനുമതിയുള്ളൂ.
തൃശൂർ പൂരത്തിന് തീരുമാനം ബാധകമല്ല

ആനയുടെ എഴുന്നള്ളിപ്പ് പൂർണമായും മോണിറ്ററിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും
നാല് പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം.

ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പ് വരുത്തണം

എഴുന്നള്ളിപ്പ് ഷെഡ്യൂൾ ദേവസ്വം മുൻകൂട്ടി അറിയിക്കണം.

ഇടഞ്ഞാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ദേവസ്വത്തിന്

സ്വീകരണ പരിപാടികൾ പാടില്ല