അന്തിക്കാട്: കിഴുപ്പിളളിക്കര കരുവന്നൂർ പുഴയിൽ വീണു മരിച്ച അക്ഷയിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗസിലിന്റെ നേതൃത്വത്തിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻകൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടുകാരുമൊത്ത് സംസാരിച്ചുകൊണ്ടിരുന്ന അക്ഷയ് എക്സൈസിന്റെ സ്പെഷ്യൽ ടീമിനെ കണ്ട് ഭയന്നോടുന്നതിനിടയിൽ സമീപവാസി പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് അക്ഷയുടെ അച്ഛൻ പറഞ്ഞു. തുടർന്ന് ഉണ്ടായ സംഘർഷത്തിൽ നിരപരാധികളായ 19പേർക്കെതിരെ വ്യാജകേസ് എടുത്തുവെന്നും അക്ഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ തന്നിട്ടില്ലെന്നും ദുരുഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് അന്തിക്കാട് സെന്ററിൽ നിന്നാരംഭിക്കുന്ന മാർച്ച് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്യും. ടി.കെ. വാസു, എ.എം. ഗഫൂർ, ആനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.