ഗുരുവായൂർ: എസ്.ഡി.ഇ കലാമേളയിൽ ആര്യഭട്ട കോളേജ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്ത്. വിദൂര വിദ്യാഭ്യാസ രീതിയും റഗുലർ വിദ്യാഭ്യാസ രീതിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കി കലാശാലാ വിദ്യാർത്ഥികളുടെ സർഗ വാസനകളെ ഒരേപോലെ പോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സർവ്കലാശാല ആദ്യമായി സംഘടിപ്പിച്ചതായിരുന്നു എസ്.ഡി.ഇ കലാമേള. മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് തൃശൂർ ജില്ല കരസ്ഥമാക്കി.
ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരിച്ചെത്തിയ ടീമിന് കോളേജ് അങ്കണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്വീകരണം നൽകി. കോളേജിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വിദ്യാർത്ഥികളുടെ ആവേശഭരിതമായ വരവേൽപ്പ് ഏറ്റുവാങ്ങി ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് പ്രിൻസിപ്പൽ സി.ജെ. ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ അധ്യാപകരായ കെ. വിജയൻ, ടി. ഗോപകുമാർ, താര മോഹൻ, ആതിര നായർ, കോളേജ് ചെയർപേഴ്‌സൺ എം. ബിൻസി, ജനറൽ സെക്രട്ടറി നിതു കെ. സോമൻ എന്നിവർ സംസാരിച്ചു.

മറ്റു മേഖലകളിൽ അനുവർത്തിക്കുന്നപോലെ വിദൂരവിദ്യാഭ്യാസ മേഖലയിലും സർവ്വകലാശാലാ തലത്തിൽ മികവുതെളിയിച്ച വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.