ചാവക്കാട്: സ്‌കൂൾ വിട്ട് ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഏങ്ങണ്ടിയൂർ സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ വിട്ടു ട്യൂഷൻ സെന്ററിലേക്ക് പോകവേ റോഡരികിൽ വച്ച് അജ്ഞാതനായ ഒരാൾ കുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.

വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. തുടർന്ന് വിദ്യാർത്ഥിയുടെ കുടുംബം ചാവക്കാട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ചാവക്കാട് പാലയൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സംഭവം. ഇതോടെ പേടിച്ച വിദ്യാർത്ഥിനി സ്‌കൂളിലേക്ക് തിരിച്ചെത്തി ക്ലാസിൽ തന്നെയിരുന്നു. വിദ്യാർത്ഥിനി ട്യൂഷൻ സെന്ററിൽ എത്താതിരുന്നതിനെ തുടർന്ന് ട്യൂഷൻ അധികൃതർ വിവരം മാതാപിതാക്കളെ അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെ സ്‌കൂളിൽ തന്നെ കണ്ടെത്തിയപ്പോഴാണ് നടന്ന സംഭവം വിദ്യാർത്ഥിനി പറയുന്നത്. പിറ്റേന്ന് രാവിലെ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനി അജ്ഞാതനെ വീണ്ടും കണ്ടുവെന്ന വിവരം പറഞ്ഞതോടെ അദ്ധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കൾ സ്‌കൂളിലെത്തി കാര്യം അന്വേഷിച്ചെങ്കിലും സംഭവം നടന്നത് സ്‌കൂൾ വളപ്പിൽ അല്ല എന്നു പറഞ്ഞ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.