തൃശൂര്‍: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടികളില്ല, ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. പരീക്ഷ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിയമന നടപടികള്‍ക്ക് ഒച്ചിന്റെ വേഗം പോലും ഇല്ലെന്ന് ആക്ഷേപം. പതിനായിരത്തോളം പേരടങ്ങുന്ന പ്രാഥമിക റാങ്ക് ലിസ്റ്റില്‍ നിന്ന് ശാരിരീകക്ഷമത പരിശോധന കഴിഞ്ഞ് 2000 ത്തോളം പേരുടെ പട്ടികയാണ് തയ്യാറായിരിക്കുന്നത്.
എന്നാല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ ആഭ്യന്തര വകുപ്പ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആക്ഷേപം. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ നിയമനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും നടപടികളില്ലെന്ന് ഉദ്യോഗാർത്ഥികള്‍ പറയുന്നു. ഇവര്‍ക്കൊപ്പം പരീക്ഷയെഴുതിയ പുരുഷന്‍മാര്‍ ജോലിയിൽ പ്രവേശിച്ചിട്ടും ഒരു വനിതയ്ക്ക് പോലും നിയമനം ലഭിച്ചിട്ടില്ല.
പ്രാഥമിക റാങ്ക് ലിസ്റ്റ് പുറത്ത് വന്ന് ഏഴ് മാസം പിന്നിട്ട ശേഷമാണ് അളവെടുപ്പ് നടന്നത്. തുടര്‍ന്ന് ശാരീരികക്ഷമ പരിശോധന നടത്താനും മാസങ്ങള്‍ വേണ്ടിവന്നു. കഴിഞ്ഞ നവംബറിലാണ് പൂര്‍ത്തിയായത്. എന്നാല്‍ അന്തിമ റാങ്ക് ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി തയ്യാറായിട്ടില്ല. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ ശാരിരീക ക്ഷമത പരിശോധനകളും മറ്റും പൂര്‍ത്തിയാക്കിയത്.
ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നാണ് ഏറെ കഠിനമായ ശരിരീകക്ഷമത പരീക്ഷയില്‍ വിജയം കൈവരിച്ചത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നല്ലൊരു ശതമാനം പേരും വിവാഹിതരാണ്. ഭൂരിഭാഗം പേരും ഇനിയൊരു സിവില്‍ പൊലീസ് പരീക്ഷ എഴുതാനുള്ള പ്രായം കഴിഞ്ഞവരാണ്. അതിനാൽ മാനുഷിക പരിഗണന നല്‍കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍. കഴിഞ്ഞ എതാനും മാസങ്ങള്‍ക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ തൃശൂരില്‍ ഒത്തു ചേര്‍ന്നിരുന്നു. തൃശൂരില്‍ നിന്ന് മാത്രം മൂന്നുറോളം പേരാണ് ശാരീരിക ക്ഷമത പരിശോധന പാസായി നിയമനം കാത്ത് നില്‍ക്കുന്നത്.
കാറ്റഗറി നമ്പര്‍-653-17
പരീക്ഷ നടന്നത് 2018 മേയ് 26
പ്രാഥമിക ലിസ്റ്റ് - പതിനായിരം
ശാരീരിക ക്ഷമത പരിശോധനയില്‍ പാസായവര്‍- 2000
(നിലവില്‍ പൊലീസ് സേനയില്‍ ഒമ്പത് ശതമാനമാണ് വനിതകള്‍ ഉള്ളത്. ഇത് ആറ് ശതമാനം കൂടി ഉയര്‍ത്തി 15 ശതമാനം ആക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞിരുന്നത്)