ചാവക്കാട്: രണ്ടു ദിവസമായി രാത്രി പെയ്ത കനത്ത മഴയിൽ കടലാമ കൂടുകൾ നനഞ്ഞു കുതിർന്നു. എടക്കഴിയൂർ പഞ്ചവടി, പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ, അകലാട്, മന്ദാലാംകുന്ന്, പപ്പാളി എന്നിവിടങ്ങളിലാണ് കടലാമ മുട്ടകൾ സോഷ്യൽ ഫോറസ്ട്രിയുടേയും ടെറിട്ടോറിയൽ ഫോറസ്റ്റിന്റേയും വാച്ചർമാരുടെയും നേതൃത്തിൽ കടൽ തീരത്ത് സംരക്ഷിച്ചിട്ടുള്ളത്.
വേനൽ മഴ മൂലം കടലാമ കൂട്ടിലെ ഊഷ്മാവ് താഴുന്നതും മണ്ണിലെ ജലാംശം കൂടിയതുമാണ് കടലാമ മുട്ടകൾക്ക് ഭീഷണിയായതെന്ന് ജൈവ വൈവിധ്യ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിസിക്യൂട്ടീവ് ഡയറക്ടറുമായ ജെയിംസ് പറഞ്ഞു. ഇനിയും മഴ പെയ്താൽ ഒരു പക്ഷെ കടലാമ കൂട്ടിലെ മുഴുവൻ മുട്ടകളും നശിക്കാൻ ഇടവരുമെന്ന് ടർട്ടിൽ ഓഫീസർ സലിം ഐഫോക്കസ് വ്യക്തമാക്കി. ആകാശത്ത് മഴക്കാറുണ്ടാവുമ്പോൾ കൂടുകൾ ടാർപാളിൻ കൊണ്ട് പൊതിഞ്ഞു കെട്ടേണ്ടി വരും. കഴിഞ്ഞ വർഷം നേരത്തേ പെയ്ത മഴയിൽ നിന്നും രക്ഷിക്കാൻ ടാർപാളി കെട്ടി സംരക്ഷിച്ചിരുന്നു. പക്ഷെ കനത്ത കാറ്റിൽ ടാർപാളിൻ കീറി നശിച്ച് കൂട്ടിലെ ആമ മുട്ടകൾ നശിച്ചിരുന്നു.
തൃശൂർ സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് പ്രഭു, വെറ്ററിനറി ഡോക്ടർ ഡേവീഡ് അബ്രാഹം, ഫോസ്റ്റർ സജീവ്, സജൻ എന്നിവരുടെ നേതൃത്വത്തിൽ കടലാമ സംരക്ഷകർക്ക് വേണ്ടത്ര നിർദ്ദേശം നൽകിയിട്ടുണ്ട്.