തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പ് വരുത്താനായി വെർച്വൽ എമർജൻസി മെഡിസിൻ വിഭാഗം പ്രവർത്തനം തുടങ്ങി. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ വെർച്വൽ മെഡിസിൻ വിഭാഗത്തിലെ പ്രത്യേക മെഡിക്കൽ സംഘം ആദ്യം പരിശോധിക്കും. പ്രാഥമിക ചികിത്സ നൽകിയ ശേഷം രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് രോഗികളെ ഉടൻ ബന്ധപ്പെട്ട ചികിത്സ വിഭാഗങ്ങളിലേക്ക് കൈമാറും.

രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് രോഗിയുടെ കൈയിൽ ചുവപ്പ്, മഞ്ഞ, നീല നിറത്തിലുള്ള റിബണുകൾ കെട്ടിയാണ് ബന്ധപ്പെട്ട ചികിത്സ വിഭാഗത്തിലേക്ക് മാറ്റുക. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ കൈയിൽ ചുവപ്പും അതിന് താഴെ വയലറ്റും നീല റിബണും കെട്ടും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ തിരിച്ചറിഞ്ഞ് വേഗത്തിൽ തുടർ ചികിത്സ നൽകാനാണ് റിബണുകൾ കെട്ടുന്നത്. എമർജൻസി മെഡിസിനിൽ പരിശീലനം ലഭിച്ചവരെയാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.

പുതിയ സംവിധാനത്തിന്റെ രണ്ടാഴ്ചത്തെ ട്രയലിന് ശേഷം അഞ്ച് വെന്റിലേറ്ററുകളുള്ള റെഡ് സോണും ഒരുക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, മെഡിസിൻ വിഭാഗം മേധാവി ഡോ. വിനു തോമസ്, നഴ്‌സിംഗ് സൂപ്രണ്ടുമാരായ എ.കെ. പ്രേമ, ലിസി വർഗീസ്, സെക്യൂരിറ്റി ഓഫീസർ ഇൻ ചാർജ് സൈമൺ തുടങ്ങിയവർ പങ്കെടുത്തു.

വെർച്വൽ എമർജൻസി

അത്യാഹിത വിഭാഗത്തിലെത്തുന്നവരുടെ രോഗാവസ്ഥ നിർണയം ആദ്യം

ഗുരുതരാവസ്ഥ പരിഗണിച്ച് ചുവപ്പ്, മഞ്ഞ, നീല റിബണുകൾ അണിയിക്കും

എമർജൻസി മെഡിസിനിൽ പരിശീലനം ലഭിച്ചവർ പുതിയ വിഭാഗത്തിൽ

രണ്ടാഴ്ചത്തെ ട്രയലിന് ശേഷം അഞ്ച് വെന്റിലേറ്ററുകളുള്ള റെഡ് സോൺ