തൃശൂർ: ജില്ലയിൽ നാനോ സൂപ്പർ മാർക്കറ്റ് ശൃംഖല ഒരുക്കാൻ കുടുംബശ്രീ. വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം എന്ന ബൃഹത്തായ കാമ്പയിന്റെ ഭാഗമായി പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന നാനോ മാർക്കറ്റിന്റെ ഉദ്ഘാടനം 16ന് നടക്കും. ഈ കാമ്പയിനിലൂടെ ഒരുകോടി രൂപയുടെ വിറ്റുവരവ് സാദ്ധ്യമാക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ ഉത്പന്നങ്ങളുടെ സ്ഥിരം വിപണനം ലക്ഷ്യമിട്ട് സൂപ്പർ മാർക്കറ്റ്, കടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ ഷെൽഫ് സ്‌പേസ് സ്ഥാപിച്ചാണ് വിപണനം ചെയ്യുക. ഇതിലൂടെ സംരംഭകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഈ കാമ്പയിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒരു പുതിയ നാനോ മാർക്കറ്റ് ആരംഭിക്കും. ഇതിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ എല്ലാ മെമ്പർമാരെയും കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് മെമ്പർമാരെയും സംരംഭകരെയും സഹകരണ ബാങ്ക് പ്രതിനിധികളെയും പൊതു പ്രവർത്തകരെയും ചേർത്ത് സംഘാടക സമിതി രൂപീകരിക്കും.
വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം കാമ്പയിന്റെ ഭാഗമായി നിലവിലുള്ള സംരംഭകർക്ക് കൂടുതൽ വിപണന സാദ്ധ്യത ഒരുക്കുന്നതിനും പുതിയ സംരംഭകർക്ക് ഈ മേഖലയിലേക്ക് കടന്നു വരുന്നതിനാവശ്യമായ സാഹചര്യം ഒരുക്കാനും കഴിയും. വീടു വീടാന്തരമുള്ള ഈ പദ്ധതിയിൽ പ്രാദേശിക തലത്തിൽ തന്നെ കൂടുതൽ സംരംഭകരെ കണ്ടെത്തി ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും സമാഹരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യും.