ചാവക്കാട്: എസ്.ഡി.പി.ഐ സംഘടിപ്പിച്ച പൊതുപരിപാടിയിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ പങ്കെടുത്തത് കണ്ട് ഞെട്ടി പുന്ന നൗഷാദിന്റെ കുടുംബം. പുന്ന നൗഷാദിന്റെ കുടുംബത്തോട് മാപ്പു പറയണമെന്ന് യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പുന്ന നൗഷാദ് കൊലചെയ്യപ്പെട്ട കേസിലെ മുഴുവൻ പ്രതികളെ ഇപ്പോഴും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ എസ്.ഡി.പി.ഐ പരിപാടിയിൽ എം.എം. ഹസ്സൻ പങ്കെടുത്തത് പൊറുക്കാൻ കഴിയില്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, ഭാരവാഹികളായ ഷെമീം, ഉമ്മർ, സുഹാസ് എന്നിവർ ആവശ്യപ്പെട്ടു. പുന്ന നൗഷാദിന്റെ വീട്ടിലും, കുടുംബ സഹായ ഫണ്ട് പിരിവിലും എം.എം. ഹസ്സൻ എത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ജൂലായ് 30ന് ചാവക്കാട് പുന്ന സെന്ററിൽ വച്ച് മുഖമൂടി ധരിച്ചു ഏഴ് ബൈക്കുകളിലെത്തിയ 15 അംഗ എസ്.ഡി.പി.ഐ പ്രവർത്തകരുടെ സംഘമാണ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദ്(40) ഉൾപ്പെടെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി വെട്ടേറ്റ നൗഷാദ് പിറ്റേ ദിവസം പുലർച്ചെ മരണത്തിന് കീഴടങ്ങിയിരുന്നു.