ഗുരുവായൂർ: പത്തുനാൾ നീണ്ടു നിൽക്കുന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിന് തെക്കു ഭാഗത്ത് തയ്യാറാക്കുന്ന പന്തലിൽ 1200 പേർക്ക് ഒരേ സമയം ഉത്സവക്കഞ്ഞി കഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം സ്വദേശി സുബ്ബരാജ് എമ്പ്രാന്തിരിയാണ് ഇത്തവണ ഉത്സവക്കഞ്ഞി തയ്യാറാക്കുന്നത്.
24 കൗണ്ടറുകളിലായാണ് ഉത്സവക്കഞ്ഞി വിളമ്പുക. ഓരോ കൗണ്ടറിലും 15 പേർ വീതം കഞ്ഞി വിളമ്പും. ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വരിയിൽ സ്ഥാനം പിടിച്ച മുഴുവൻ പേർക്കും പ്രസാദ ഊട്ട് വിളമ്പും. ദിവസവും ഏകദേശം ഇരുപതിനായിരത്തോളം പേർ ഉത്സവക്കഞ്ഞി കഴിക്കാനായി എത്തുക പതിവുണ്ട്.
ക്ഷേത്രക്കുളത്തിന് വടക്കു ഭാഗത്തെ പന്തലിൽ രാത്രി സദ്യവിളമ്പും. രണ്ട് കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുക. നാട്ടുകാർക്കും, ജീവനക്കാർക്കും സബ് കമ്മിറ്റി അംഗങ്ങൾക്കുമുള്ള പകർച്ച പടിഞ്ഞാറെ ഭാഗത്തെ അന്നലക്ഷ്മി ഹാളിൽ തയ്യാറാക്കുന്ന മൂന്ന് കൗണ്ടറുകളിൽ വിതരണം ചെയ്യും.
ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, ഇ.പി.ആർ. വേശാല, കെ.വി. ഷാജി, കെ. അജിത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.