കയ്പമംഗലം: കുടിവെള്ളം ഇല്ലാതായതോടെ അടച്ചുപൂട്ടാനൊരുങ്ങി എടത്തിരുത്തിയിലെ അംഗൻവാടി. ചൂട് കനത്തതോടെ കുടിവെള്ളം കിട്ടാക്കനിയായ എടത്തിരുത്തി പഞ്ചായത്തിലെ എടത്തിരുത്തി സൗത്ത് നാലാം വാർഡിലെ ഏഴാം നമ്പർ അംഗൻവാടിയാണ് കുടിവെള്ളം കിട്ടാതെ താത്കാലികമായി അടച്ചു പൂട്ടാൻ ഒരുങ്ങുന്നത്. 14 ഓളം കുട്ടികളാണ് അംഗൻവാടിയിലുള്ളത്.
ശുദ്ധജല വിതരണ പൈപ്പ് ലൈനിലൂടെവെള്ളം ലഭിക്കാതായതോടെ അടുത്തുള്ള പൊതു ടാപ്പിൽ നിന്നും വീടുകളിൽ നിന്നുമാണ് വെള്ളം എത്തിച്ചിരുന്നത്. എന്നാൽ മേഖലയിലെ പല ടാപ്പുകളിലും കുടിവെള്ളം കുറഞ്ഞതോടെ അംഗൻവാടിയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതേത്തുടർന്ന് കുട്ടികൾ അംഗൻവാടിയിലേക്ക് എത്താത്തതിനെ തുടർന്നാണ് അടച്ചിടാൻ ഒരുങ്ങുന്നത്.
അംഗൻവാടിയിൽ കുടിവെള്ളം ഉടൻ എത്തിക്കണമെന്നും പഞ്ചായത്ത് ഭരണ സമിതിയും അധികൃതരും നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപെടുന്നു.
(കമന്റ്)
പൈപ്പ് ലൈൻ തുരുമ്പിച്ച നിലയിലാണ്. പുതിയ പൈപ്പ് ലൈൻ ശരിയാക്കുന്നതിന് എസ്റ്റിമേറ്റെടുത്ത് പൈസ അടച്ചിട്ടുണ്ട്. വെള്ളത്തിന് അംഗൻവാടിയിൽ ബുദ്ധിമുട്ടില്ല. തൊട്ടടുത്ത സ്‌കൂളിൽ കിണറുണ്ട്. അംഗൻവാടിക്കു മുന്നിൽ പൊതു ടാപ്പുണ്ട്. പുറത്തു നിന്ന് കുടിവെള്ളം എടുക്കാതിരിക്കാൻ വേണ്ടിയാണ് അംഗൻവാടി ടീച്ചറും സൂപ്പർവൈസറും മനഃപൂർവ്വം രക്ഷിതാക്കളെ കൊണ്ട് കുട്ടികളെ വരുത്തിക്കാതെ അടച്ചിടാൻ ശ്രമിക്കുന്നത്. അടച്ചുപൂട്ടാതിരിക്കാൻ മെമ്മോ നൽകിയിട്ടുണ്ട്. വെള്ളമില്ലെന്ന് അറിഞ്ഞതോടെ പഞ്ചായത്ത് ഇടപെട്ട് വെള്ളം എത്തിച്ചു കൊടുക്കുന്നുണ്ട്.
- രഞ്ജിനി സത്യൻ, പഞ്ചായത്ത് അംഗം