ചാലക്കുടി: മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള ടീം നഗരത്തിൽ നടത്തിയ വാഹന പരിശോധനയിൽ 1,22,500 രൂപ പിഴ ഈടാക്കി. ടൗൺ ഹാൾ പരിസരത്തെ പരിശോധനയിലാണ് 71 കേസുകളിലായി തുക ഈടാക്കിയത്. ഹെൽമെറ്റ് ധരിക്കാത്ത 51 കേസുകളും സീറ്റ് ബെൽറ്റിടാത്ത ഒമ്പതും മൊബൈൽഫോൺ വിളിച്ച് യാത്ര ചെയ്ത മൂന്നും ഇതിൽ ഉൾപ്പെടും.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാപകടത്തിൽ 4410 പേരാണ് മരിച്ചത്. രണ്ട് മണിക്കൂറിൽ ഒരാൾ എന്ന തോതിലാണ് സംസ്ഥാനത്ത് വാഹനാപകടത്തിൽ പെടുന്നവർ മരിക്കുന്നത്. ചാലക്കുടിയിൽ ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ചുണ്ടായ നാല് അപകടങ്ങളിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരിൽ നിന്നും വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കി ബസുകളിലും ഓട്ടോറിക്ഷകളും കയറ്റി വിടുകയും ഹെൽമറ്റുമായി തിരികെ എത്തുമ്പോൾ വാഹനം കൊടുത്തയക്കുകയുമാണ് ചെയ്തത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. എ.എം.വി.ഐമാരായ രഞ്ജൻ കെ.ആർ, വിനേഷ് ഇ.സി, അരുൺ പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
............................
വാഹനാപകടങ്ങൾ ഗുരുതരമായ സാഹചര്യത്തിലാണ് കേരള സേഫ് ടീം വാഹന പരിശോധന കർശനമാക്കിയത്
- അബ്ദുൾ ജലീൽ (എം.വി.ഐ)