തൃശൂർ: ഉജ്ജ്വല ബാല്യ പുരസ്‌കാരത്തിന് കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയായ നർമദാ രവിയെ തെരഞ്ഞെടുത്തു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചുവയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ 2017 മുതൽ നൽകി വരുന്നതാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം.
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിൽ നാടോടിനൃത്തം, മോണോ ആക്ട്, സംഗീതം എന്നിവയിൽ നർമദ സമ്മാനം നേടിയിട്ടുണ്ട്. നാഷണൽ ക്രിക്കറ്റ് ഫൊർ ബ്ലൈൻഡ് ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ജില്ലയിൽ നിന്നും 9 അപേക്ഷകളാണ് ലഭിച്ചത്. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെലക്‌ഷൻ കമ്മിറ്റി യോഗ തീരുമാന പ്രകാരമാണ് നർമദയെ തിരഞ്ഞെടുത്തത്.
വനിതാ ശിശു വികസന ഓഫീസർ എസ്. സുലക്ഷണ, ശിശു സംരക്ഷണ ഓഫീസർ പി.ജി. മഞ്ജു , പവർ ലിഫ്റ്റിംഗ് സ്‌പോർട്‌സ് കൗൺസിൽ കോച്ച് ചിത്ര ചന്ദ്ര മോഹൻ, പ്രശസ്ത നാടകകൃത്ത് ജയൻ അവണൂർ തുടങ്ങിയവർ പങ്കെടുത്തു.