കൊടകര: വീടിനുപുറത്ത് ശബ്ദം കേട്ടതോടെ വീട്ടമ്മ മനസിലാക്കി കാട്ടാനയെത്തിയെന്ന്. വീട്ടമ്മ വാതിൽ തുറക്കാൻ പോലും ധൈര്യമില്ലാതെ ഭയന്ന് വിറക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. മറ്റത്തൂർ പഞ്ചായത്തിലെ മുപ്‌ളി വലിയകത്ത് അക്ബറിന്റെ പറമ്പിലെ മതിൽ പൊളിച്ചെത്തിയ കാട്ടാനകൾ വീട്ടിൽ ഗേറ്റിന് സമീപം നിന്നിരുന്ന തെങ്ങും, വാഴയും നശിപ്പിച്ചു. മണിക്കൂറോളം കാട്ടാന മുറ്റത്തുണ്ടെന്നറിഞ്ഞ അക്ബറിന്റെ ഭാര്യ റംസിയും മക്കളും വീടിനുള്ളിൽ ഭയന്നു വിറച്ച് കഴിച്ചുകൂട്ടുകയായിരുന്നു. വീട്ടുമുറ്റത്തെ ശബ്ദം നിലച്ചതോടെയാണ് ആന പോയെന്ന് വീട്ടമ്മ ഉറപ്പാക്കിയത്. അക്ബർ വിദേശത്താണ്.
കാട്ടാനകൾ വീട്ടുമുറ്റത്തെത്തുന്നത് പതിവായതോടെ മലയോര മേഖല ആശങ്കയിലാണ്. കഴിഞ്ഞ രാത്രി മറ്റത്തൂർ പഞ്ചായത്തിലെ മുപ്‌ളിയിലെ ജനവാസ മേഖലയിലിറങ്ങി വിലസിയ കാട്ടാനകൂട്ടം വീടുകളുടെ മുറ്റത്തും പറമ്പിലും നിന്നിരുന്ന ഒട്ടേറെ വാഴയും തെങ്ങും റബറും നശിപ്പിച്ചു. കുഴിവിള ലാലുവിന്റെ വീട്ടിലെ തെങ്ങും വാഴയും, ഹാരിസൺ എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിന്റെ മുറ്റത്തെ പ്‌ളാവിലെ ചക്കയും തിന്നാണ് ആനകൾ രാവിലെ തിരിച്ചു പോയതെന്ന് പ്രദേശവാസികൾ പറഞ്ഞു.