കൊടുങ്ങല്ലൂർ: ആറു കൊല്ലം മുമ്പുണ്ടായ ബൈക്ക് അപകടത്തിലെ ദുർവ്വിധിമൂലം നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, വീൽചെയറിലും കിടക്കയിലുമായി ജീവിതം തളച്ചിടേണ്ടി വന്ന പ്രണവ് വീൽ ചെയറിലിരുന്ന് ഷഹനയ്ക്ക് സിന്ദൂരം ചാർത്തി. ശ്രീശങ്കരനാരായണ ക്ഷേത്ര സന്നിധിയിലാണിവരുടെ പ്രണയം പൂവണിഞ്ഞത്. ഇരിങ്ങാലക്കുട തുമ്പൂർ സ്വദേശിയാണ് പ്രണവ്. ഷഹനയാകട്ടെ തിരുവനന്തപുരം സ്വദേശിനിയും. അപകടത്തെ തുടർന്ന് ഏറക്കുറെ ശരീരമാകെ തളർച്ചയിലായെങ്കിലും മനസ്സിനെ തളരാൻ അനുവദിക്കാതെ, കിടന്ന കിടപ്പിലെന്ന പോലെ ജീവിതം തള്ളി നീക്കുന്ന പ്രണവിന്റെ ജീവിതത്തിലേക്ക് ആകസ്മികമായാണ് ഷഹന കടന്നെത്തിയത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ആരംഭിച്ച സൗഹൃദമാണ് പ്രണവിന്റെ ജീവിതസഖിയാകാനുള്ള നിശ്ചയത്തിലേക്ക് ഷഹനയെ എത്തിച്ചത്. ഏറെക്കുറെ ഒരു വർഷത്തിലേറെക്കാലം നീണ്ടു നിന്ന ആശയവിനിമയത്തിലൂടെ പരസ്പരം അറിഞ്ഞാണിവർ വിവാഹിതരാകാൻ നിശ്ചയിച്ചത്. അമ്മയും അച്ഛനും അനിയത്തിയുമൊക്കെ ഇവരുടെ തീരുമാനത്തിനൊപ്പം നിന്നതോടെ തുടർന്നുള്ള കാര്യങ്ങളെല്ലാം ആവേശപൂർവ്വം ഏറ്റെടുത്തത് കൂട്ടുകാരാണ്.
പ്രണവ് കിടപ്പിലായശേഷം ഈ യുവാവിന്റെ ഊർജ്ജം കലർപ്പില്ലാത്ത സൗഹൃദം നെഞ്ചേറ്റുന്ന സുഹൃത്തുക്കളായിരുന്നു.
നാട്ടിലെ ഒരു ആഘോഷങ്ങളും അവർ മുടക്കാറില്ല. പ്രണവുമായി എല്ലായിടത്തും ഈ കൂട്ടുകാരെത്തും. ഇവരിലൊരാളായ വിനുവാകട്ടെ, പ്രണവിനെ വീട്ടിലെത്തി, കുളിപ്പിക്കുന്നത് ദിനചര്യയാക്കിയിട്ടുള്ള സ്നേഹസമ്പന്നനാണ്. ആരെങ്കിലും ആവശ്യപ്പെടുകയോ പറയാതെയോ ആണ് ഇത് തുടർന്ന് പോരുന്നത്. പ്രണവിന്റെ ഷഹനയുമായുള്ള ബന്ധവും അവരുടെ നിശ്ചയവും അറിഞ്ഞതോടെ ഇതൊരു നാട്ടുത്സവമാക്കാനാണ് സുഹൃത്തുക്കൾ നിശ്ചയിച്ചത്. ആ ഉത്സവമാണ് ഇന്നലെ ശങ്കരനാരായണ സന്നിധിയിൽ നടന്നത്. ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന കാര്യം ദൈവം എനിക്ക് സാധിച്ചു തരാൻ പോകുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ എല്ലാരെയും അറിയിച്ചാണ് പ്രണവ് ഇന്നലെ ഷഹനയുടേതാകാൻ ക്ഷേത്രസന്നിധിയിലെത്തിയത്.