കൊടുങ്ങല്ലൂർ: ജുഡീഷ്യറി പറയുന്ന നിസ്സഹായത ഇന്ത്യയെ തകർക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്. ഭരണഘടന സംരക്ഷണ സമിതി കൊടുങ്ങല്ലൂരിൽ നടത്തിയ ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിർമ്മാണ സഭകളും എക്സിക്യൂട്ടീവും ഭരണഘടനയെ തകർക്കമ്പോഴും നിയമവാഴ്ചയെ തകർക്കുമ്പോഴും ജനത്തിന് സമീപിക്കാവുന്ന തിരുത്തൽ സ്തംഭമായ ജൂഡീഷ്യറി നടത്തുന്ന നിസ്സഹായത യാഥാർത്ഥത്തിൽ മോദി സ്തുതിയായി മാറുകയാണ്. പാർലമെന്റിൽ എന്തും എഴുതി പാസ്സാക്കി ജനതയുടെ മേലെ കുതിര കേറാൻ ഭരണകൂടം ശ്രമിച്ചാൽ അതിനെതിരെ ഇന്ത്യൻ തെരുവുകൾ തിരുത്തൽ പാർലമെന്റാകുമെന്നും സിദ്ദിഖ് തുടർന്ന് പറഞ്ഞു. സലീം തോട്ടുങ്ങൽ അദ്ധ്യക്ഷനായി. കെ. അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. അനസ് നദ്‌വി, ടി.എം. നാസർ ,ഡോ. പി.എ. മുഹമ്മദ് സഈദ്, യൂസഫ് പടിയത്ത്, കെ.കെ. കുഞ്ഞുമൊയ്തീൻ എന്നിവർ പ്രസംഗിച്ചു.