തൃശൂർ: ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷ മുൻനിറുത്തി ജില്ലയിൽ കൺട്രോൾ റൂം തുറന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി നിർബന്ധമായും ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 0487 - 2320466, 9400408120, 9400410720.

ജില്ലയിൽ നിലവിൽ വീടുകളിൽ 60 പേരും ആശുപത്രികളിൽ എട്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. ഈ പ്രദേശങ്ങളിൽ നിന്നും നാട്ടിൽ വരുന്നവർ 14 ദിവസം വീടുകളിൽ തന്നെ കഴിയണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, രോഗലക്ഷണങ്ങളായ ചുമ, തൊണ്ട വേദന, ജലദോഷം, തുമ്മൽ എന്നിവ ഉള്ളവർ മാസ്‌ക് ഉപയോഗിക്കുക, രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരും രോഗ ലക്ഷണങ്ങൾ ഉള്ളവരും പൊതുജന സമ്പർക്കം ഒഴിവാക്കുക, രോഗ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കുക, മത്സ്യ മാംസാദികൾ നന്നായി പാകം ചെയ്തു ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.