തൃശൂർ: നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി 25-ാം ഘട്ട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊണ്ടാഴി പഞ്ചായത്ത് ഗ്രൗണ്ടിൽ ഏഴിന് വൈകീട്ട് മൂന്നിന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിക്കും. യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. ഗായത്രിപ്പുഴ സമഗ്ര നീർത്തട പദ്ധതിയിൽ വരുന്ന കുഴിയാംപാടം തെക്കെ കൊണ്ടാഴി നീർത്തട പദ്ധതിയാണ് ഇതിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്നത്.
59.10 കോടി ചെലവിൽ ഗായത്രിപ്പുഴ നീർത്തട പരിധിയിൽ വരുന്ന മൃഗ സംരക്ഷണം, ക്ഷീര വികസനം, മണ്ണ് പര്യവേക്ഷണ, കൃഷി വകുപ്പുകളുടെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ കീഴിൽ നബാർഡിന്റെ ധന സഹായത്തോടെ ആർ.ഐ.ഡി.എഫ് 25ൽ ഉൾപ്പെടുത്തി പഴയന്നൂർ ബ്ലോക്കിലെ കൊണ്ടാഴി പഞ്ചായത്തിൽ ഉൾപ്പെട്ട കുഴിയാൻ പാടം തെക്കെ കൊണ്ടാഴി നീർത്തട പ്രവർത്തനങ്ങൾക്കായി 77.99 ലക്ഷത്തിന്റെ സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ട്.