തൃശൂർ: ജില്ലയിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയായ പ്രിഫോം ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡുകൾ പ്രഖ്യാപിച്ചു. സി.എം.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.വി. ജയരാജ് എയ്ഡഡ് മേഖലയിൽ നിന്നുള്ള മികച്ച പ്രിൻസിപ്പലിനുള്ള പുരസ്‌കാരത്തിനും കൊടുങ്ങല്ലൂർ ജി.എച്ച്.എസ്.എസിലെ ആശാ ആനന്ദ് സർക്കാർ മേഖയിലെ മികച്ച പ്രിൻസിപ്പലിനുള്ള പുരസ്‌കാരത്തിനും അർഹരായി. നാളെ വൈകീട്ട് മൂന്നിന് പൂമല ഏദൻ റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. തൃശൂർ സബ് കളക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. ശുകന്തള മുഖ്യാതിഥിയാകും. ഈ വർഷം വിരമിക്കുന്ന ജില്ലയിലെ പ്രിൻസിപ്പൽമാർക്കുള്ള യാത്രഅയപ്പും ഇതോടൊപ്പം നടക്കും. വാർത്താസമ്മേളനത്തിൽ പ്രിഫോം പ്രസിഡന്റ് കെ.ആർ. മണികണ്ഠൻ, സെക്രട്ടറി രാജേഷ് വാര്യർ, അബി പോൾ, മജുഷ്.എൽ എന്നിവരും പങ്കെടുത്തു.