പാലപ്പിള്ളി: ഏറെ വിവാദങ്ങൾക്കൊടുവിൽ എച്ചിപ്പാറ ട്രൈബൽ സ്‌കൂളിലെ കുട്ടികളെ വിദ്യാഭ്യസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ ഉൾപ്പെടുത്തി ഉത്തരവ്. സ്‌കൂളിലെ എട്ടാം ക്ലാസുകാർക്ക് അദ്ധ്യാപകനെ നിയമിക്കാനും തീരുമാനമായി. എന്നാൽ മാർച്ച് 31വരെ താത്കാലിക അദ്ധ്യാപക നിയമനത്തിനാണ് അനുമതി. ഇതുമൂലം മദ്ധ്യവേനൽ അവധിക്കുശേഷം വീണ്ടും അദ്ധ്യാപക നിയമനത്തിൽ അനിശ്ചിതാവസ്ഥ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. അദ്ധ്യാപകന്റെ സ്ഥിരനിയമനം നടത്തണമെന്ന ഹൈക്കോടതി നിർദേശം നടപ്പാക്കാതിരിക്കാനാണ് നീക്കമെന്നും ആരോപണം ഉയരുന്നു.
കോടതി ഉത്തരവുണ്ടായിട്ടും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ എച്ചിപ്പാറ ഗവ. ട്രൈബൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. വകുപ്പിന്റെ അംഗീകാരമില്ലാത്ത എട്ടാം ക്ലാസിൽ പഠിച്ച പത്ത് കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന കോടതി നിർദേശം വകുപ്പ് നടപ്പാക്കാത്തതായിരുന്നു കാരണം. പഠനം അനിശ്ചിതത്വത്തിലായ കുട്ടികൾ വിദ്യാഭ്യാസ വകുപ്പിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താത്തതിനാൽ ഇവിടെ പഠിക്കുന്ന 128 കുട്ടികൾക്കും യൂണിഫോം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു.
എച്ചിപ്പാറ സ്‌കൂളിൽ എട്ടാം ക്ലാസിന് അംഗീകാരം നൽകണമെന്നും രണ്ടു മാസത്തിനുള്ളിൽ അദ്ധ്യാപക നിയമനം നടത്തണമെന്നും കഴിഞ്ഞ ജൂൺ മാസത്തിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. സോഫ്റ്റ് വെയറിൽ കുട്ടികളുടെ പേരുവിവരങ്ങൾ ഇല്ലാത്തതിനാൽ സ്‌കൂളിൽ നിന്ന് ടി.സി നൽകാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞ 15 കുട്ടികളിൽ അഞ്ചുപേർ ഈ വർഷം ടി.സി വാങ്ങി സ്‌കൂൾ മാറി. 2014ൽ ഇവിടത്തെ നാലാം ക്ലാസ് വിദ്യാർത്ഥികൾ അയച്ച കത്ത് ഹർജിയായി പരിഗണിച്ചാണ് ഹൈക്കോടതി എച്ചിപ്പാറ സ്‌കൂളിന് യു.പി. ക്ലാസ് അനുവദിക്കാൻ ഉത്തരവ് പുറപെടുവിച്ചത്.
2016-17 വർഷത്തിൽ എട്ടാം ക്ലാസും അനുവദിച്ചു. എച്ചിപ്പാറ ആദിവാസി കോളനി ഉൾപ്പെടുന്ന പ്രദേശത്ത് ഏഴ് കിലോമീറ്ററിനുള്ളിലായി യു.പി. സ്‌കൂൾ സൗകര്യവും പത്ത് കിലോമീറ്ററിനുള്ളിൽ ഹൈസ്‌കൂൾ സൗകര്യവും ഇല്ലെന്നതാണ് രക്ഷിതാക്കളുടെ വാദം.