ചാലക്കുടി: കലാഭവൻ മണിയുടെ നാലാം ചരമ വാർഷികം ചാലക്കുടി നഗരസഭ, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ ചടങ്ങുകളോടെ മാർച്ച് 6,7 തിയതികളിൽ ആചരിക്കുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെളളിയാഴ്ച രാവിലെ 9ന് മണിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകീട്ട് 3ന് സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ച് ടൗൺഹാൾ മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് ജില്ലാ തല മിമിക്‌സ് പരേഡ് മത്സരം നടത്തും. വൈകീട്ട് 6ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പുരസ്‌കാരം സമർപ്പണം നടത്തും. ബെന്നി ബെഹന്നാൻ എം.പി, ഡോ.ആർ.എൽ.വി രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് സംസ്ഥാന തല നാടൻപാട്ട് മത്സരം നടക്കും. ശനിയാഴ്ച വൈകീട്ട് 4മുതൽ നാടൻപാട്ട് മത്സരം തുടരും. 6ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനാകും. മുരളി പെരുനെല്ലി എം.എൽ.എ മുഖ്യാതിഥിയാകും. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ പി.ആർ. ശ്രീകല, വൈസ് ചെയർമാൻ പി. ബിജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.