കയ്പമംഗലം: തങ്ങൾക്കുമേൽ ധാരാളം സമ്മർദ്ദങ്ങളുണ്ടെന്ന് പ്രഖ്യാപനം നടത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രാജിവച്ചു വീട്ടിൽ പോയിരിക്കണമെന്ന് റിട്ട. ചീഫ് ജസ്റ്റിസ് കെമാൽ പാഷ. കോടതിക്ക് ലഹളയെയും കലാപത്തെയും തടുക്കാൻ കഴിയില്ലെന്നും ഉണ്ടായിക്കഴിഞ്ഞാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ എന്ന് സുപ്രീകോടതി ജസ്റ്റിസ്, ഓപ്പൺ കോടതിയിൽ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ കാളമുറിയിൽ സംഘടിപ്പിച്ച ഭരണ ഘടന സംരക്ഷണ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. സമ്പൂർണ്ണനീതി നടപ്പാക്കാൻ എന്തുതരം ഉത്തരവുകളും പാസ്സാക്കാൻ സുപ്രീം കോടതിക്ക് കഴിയും. സർക്കാരിനെ വരെ പുറത്താക്കാനുള്ള അധികാരവും സുപ്രീം കോടതിക്കുണ്ടെന്നം കെമാൽ പാഷ പറഞ്ഞു. സി.എ.എ, ഡിമോണിറ്റൈസേഷൻ അടക്കമുള്ള എല്ലാ പ്രഖ്യാപനങ്ങളും രാഷ്ട്രപതി ഒപ്പു വയ്ക്കുന്നത് രാത്രിയിൽ മാത്രമാണെന്നും ഇവർക്ക് വെളിച്ചത്തെ ഭയമാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് സഞ്ചാരം സ്വതന്ത്യം നഷ്ടപെട്ടു, ഭാരതം വെട്ടിമുറിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിൽ ഒരു പണിയും എടുക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അവർക്ക് അധികാരം മാത്രമാണ് വേണ്ടതെന്നും കെമാൽ പാഷ അഭിപ്രായപ്പെട്ടു. ശബ്ദമുയർത്താനുള്ള അവകാശമാണ് എല്ലാവർക്കും വേണ്ടത്. പ്രക്ഷോഭങ്ങളെ രാജദ്രോഹമെന്നോ പ്രതിഷേധമെന്ന ആക്ഷേപിക്കരുത്. ഭയപ്പാടിലാക്കിയാണ് ഇവർ ഭരിക്കുന്നതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ആക്ഷേപങ്ങളം ഭയപ്പെടുത്തലുകളുമുണ്ടെന്നും എൻ.ആർ.സിയും, സി.എ.എയും പിൻവലിക്കണമെന്നും,എൻ.പി.ആറുമായി മുമ്പോട്ടുപോകരുതെന്നും കെമാൽ പാഷ പറ‌ഞ്ഞു. താലൂക്ക് പ്രസിഡന്റ് മഹമ്മദ് ചൂലൂക്കാരൻ അദ്ധ്യക്ഷനായി. അഡ്വ. ജ്യോതി രാധിക വിജയകുമാർ, പ്രൊഫ. കുസുമം ജോസഫ്, ദിയ പർവീൺ, സജീവൻ നടത്തറ, എം.ബി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.