ചാവക്കാട്: ഓലപ്പുരകളില്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യവും കടലിനെ അറിയുക എന്ന ടൂറിസം പദ്ധതിയും ഉൾപ്പെടെ ശുദ്ധജലക്ഷാമം പരിഹാരവും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന പദ്ധതികളുമായി കടപ്പുറം ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്.19.02 കോടി രൂപ വരവും,18.29 കോടി രൂപ ചെലവും 72.45 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2020- 21 വർഷത്തെ ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രജീഷ് അവതരിപ്പിച്ചത്.

ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിന് 1.17 കോടി രൂപയും കനോലി കനാൽ ബോട്ട്, വഞ്ചി ഗതാഗതം സാദ്ധ്യമാക്കുന്നതിന് 40 ലക്ഷം, ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും കടലിൽ യാത്ര ചെയ്ത് കടലിനെ അറിയാൻ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പത്ത് ലക്ഷം, ഇറപ്പുഴ ജി.എൻ.പി സ്‌കൂളിന് സ്ഥലം വാങ്ങാൻ 30 ലക്ഷം, ജലസംരക്ഷണം, കരഭൂമിയിൽ കൃഷി വ്യാപനം, ശുദ്ധജലക്ഷാമം പരിഹാരം 24 ലക്ഷം, അഗതി രഹിത കേരളം പദ്ധതി പത്ത് ലക്ഷം, റോഡ് നവീകരണം 1 .98 കോടി രൂപ തുടങ്ങിയവയാണ് ബഡ്ജറ്റിൽ വക വരുത്തിയിട്ടുള്ളത്.

പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ കെ.ഡി. വീരമണി, പി.എം. മനാഫ്, പി.എം. മുജീബ്, ഷംസിയ തൗഫീഖ്, പി.എ. അഷ്‌കർ അലി, എം.കെ. ഷണ്മുഖൻ, പി.കെ. ബഷീർ, റസിയ അമ്പലത്ത് വീട്ടിൽ, റഫീല ആരിഫ്, ഷെരീഫ കുന്നുമ്മൽ, ഷാലിമ സുബൈർ, ഷൈല മുഹമ്മദ്, നിത വിഷ്ണുപാൽ, മൂക്കൻ കാഞ്ചന, സെക്രട്ടറി ടി.കെ. ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീക എന്നിവർ പ്രസംഗിച്ചു.