കൊടുങ്ങല്ലൂർ: കന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുൻ അദ്ധ്യക്ഷയും കൊടുങ്ങല്ലൂർ വിവേകാനന്ദകേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. എം. ലക്ഷ്മി കുമാരി ശതാഭിഷിക്തയാകുന്നു. ശതാഭിഷേകത്തോട് അനുബന്ധിച്ച് പൗരാവലിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 6, 7, 8 തീയതികളിൽ വിവിധ പരിപാടികൾ നടക്കും. ആറിന് രാവിലെ പത്തിന് ശൃംഗപുരം ആനന്ദധാമിൽ സ്വാമി പ്രഭാകരാനന്ദ ആദ്യസഭ ഉദ്ഘാടനം ചെയ്യും. സേവാഭാരതി ജില്ലാ പ്രസിഡന്റ് റിട്ട. മേജർ ജനറൽ പി. വിവേകാനന്ദൻ അദ്ധ്യക്ഷനാകും. പി.വി. ഗംഗാധരൻ, പി. വിശ്വരൂപൻ, ഡോ. എം.എസ്. മുരളീധരൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് ധർമ്മാചാര്യ സംഗമത്തിൽ ഡോ. കാരുമാത്ര വിജയൻ തന്ത്രി, എൽ. ഗിരീഷ് കുമാർ, ഡോ. എം.വി. നടേശൻ എന്നിവർ പ്രഭാഷണം നടത്തും. ഏഴിന് രാവിലെ പത്തിന് ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്യും. സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ അദ്ധ്യക്ഷതയിൽ ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തും. സ്വാമി വിശ്വനാഥാനന്ദ സരസ്വതി, സ്വാമി തേജസ്വരൂപാനന്ദ, സാമുദായിക- സാംസ്കാരിക സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിന് യോഗസഞ്ജീവനി മുൻ ഡി.ജി.പി: ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്. പത്മനാഭൻ അദ്ധ്യക്ഷനാകും. എട്ടിന് രാവിലെ പത്തിന് നടക്കുന്ന മാതൃസംഗമം പ്രവാജിക അവ്യയപ്രാണാമാതാജി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 60 വയസ്സായ 84 അമ്മമാരെ വസ്ത്രം നൽകും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ഡോ. ആശാ ഗോപാലകൃഷ്ണൻ, ഡോ. ലക്ഷ്മി ശങ്കർ എന്നിവർ സംസാരിക്കും. വൈകീട്ട് 4.30ന് ഡോ. എം. ലക്ഷ്മി കുമാരിയെ നാമജപ ഘോഷയാത്രയോടെ നഗരത്തിലേക്ക് ആനയിക്കും. തുടർന്ന് പണിക്കേഴ്സ് ഹാളിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ അദ്ധ്യാത്മാനന്ദജി ഭദ്രദീപം തെളിക്കും. ആർ.എസ്.എസ് പ്രാന്തീയ സംഘചാലക് പി.ഇ.ബി. മേനോൻ അദ്ധ്യക്ഷനാകും. റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ജെ. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ പുരസ്കാരം സമർപ്പിക്കും. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ബി. മോഹനൻ എന്നിവർ സംസാരിക്കും.