ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് വെള്ളിയാഴ്ച അരങ്ങുണരും. ക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച രാത്രി കൊടിയേറിയ ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കഥകളി പുലരും വരെ തുടരും. പി.എസ്.വി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ നളചരിതം മൂന്നാം ദിവസം, കംസവധം എന്നീ കഥകളാണ് അരങ്ങേറുക. ഉത്സവത്തിന്റെ ആദ്യ ദിനം മുതൽ എട്ടാം ദിനം വരെയാണ് വിവിധ വേദികളിലായി കലാപരിപാടികൾ അരങ്ങേറുക. മൂന്ന് വേദികളിലായാണ് ഈ വർഷം കലാപരിപാടികൾ അരങ്ങേറുന്നത്. രാവിലെ 5 മുതൽ വൈകുന്നേരം വരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും (വേദി 1), രാവിലെ 9.30 മുതൽ വൈകുന്നേരം വരെ കുറൂരമ്മ വേദിയിലും ( വേദി 3) വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം വിശേഷാൽ കലാപരിപാടികൾ പൂന്താനം വേദിയിലാണ് (വേദി 2) നടക്കുക.