കൊടുങ്ങല്ലൂർ: ആവർത്തിച്ച് ഇപെട്ടിട്ടും പൊതു സ്ഥലങ്ങളിൽ അനധികൃത ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനെതിരെ നടപടി ശക്തമാക്കാൻ കൊടുങ്ങല്ലൂർ നഗരസഭ തീരുമാനിച്ചു. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതു നിരത്തുകളിലും ജംഗ്ഷനുകളിലും പാലങ്ങളിലും ട്രാഫിക് മീഡിയനുകളിലും നിരത്ത് കൈവരികളിലും, നടപ്പാതകളിലും സ്ഥാപിച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള ബോര്‍ഡുകളും ബാനറുകളും കമാനങ്ങളും കൊടിതോരണങ്ങളും മാര്‍ച്ച് ഏഴിനകം ബന്ധപ്പെട്ട സ്ഥാപനങ്ങളും സംഘടനകളും എടുത്തുമാറ്റേണ്ടതാണ്. അതിനുശേഷം പൊതു സ്ഥലത്ത് ഇപ്രകാരം ബോര്‍ഡുകളും ബാനറുകളും കമാനങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ മുതലായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊടുങ്ങല്ലൂര്‍ നഗരസഭാ സെക്രട്ടറി അറിയിച്ചു. കോടതി വിധിയിൽ നിര്‍ദ്ദേശിച്ചപ്രകാരം ഇവരുടെ മേൽ കുറഞ്ഞത് പതിനായിരം രൂപ പിഴയും മുനിസിപ്പൽ ആക്ട്, റോഡ് സുരക്ഷാ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, പൊലീസ് നിയമം മുതലായ നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികളും സ്വീകരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.