ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസിദ്ധമായ ആനയോട്ടത്തിൽ മുൻ നിരയിൽ ഓടുന്നതിനുള്ള ആനകളെ ഇന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. രാവിലെ ബ്രഹ്മകലശാഭിഷേകത്തിന് ശേഷം ക്ഷേത്രത്തിനുമുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടത്തുക. മുൻനിരയിൽ നിൽക്കുന്നതിനുള്ള പത്ത് ആനകളുടെ ലിസ്റ്റ് ദേവസ്വം ജീവധന വിഭാഗം തയ്യാറാക്കി.
നന്ദിനി, നന്ദൻ, അച്യുതൻ, ഗോപിക്കണ്ണൻ, ഗോപികൃഷ്ണൻ, ദേവദാസ്, ചെന്താമരാക്ഷൻ, കണ്ണൻ, രവികൃഷ്ണൻ, ഗോകുൽ എന്നിവരുടെ പേരുകളാണ് നറുക്കെടുപ്പിന് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിന്നും അഞ്ച് ആനകളെ മുൻനിരയിൽ ഓടുന്നതിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. രണ്ട് ആനകളെ കരുതലായി നിറുത്തും. നാളെ വിജയിയാകുന്ന ആനയെ ഉത്സവം കഴിയുന്നതുവരെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുപോകുകയില്ല.
നാളെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. ക്ഷേത്രത്തിലെ നാഴികമണി മൂന്ന് അടിക്കുന്നതോടെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തുന്ന ആനകൾ ക്ഷേത്രത്തിലേക്ക് ഓട്ടം തുടങ്ങും. കിഴക്കെ ഗോപുരത്തിൽ ആദ്യം ഓടിയെത്തുന്ന ഒരു ആനയെ മാത്രമേ ക്ഷേത്രമതിലകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു.