police
ചാലക്കുടിയിൽ ഇന്നലെ രാത്രി ബിവറേജ് ഷോപ്പിന‌്റെ ഇടുങ്ങിയ വഴിയിൽ പൊലീസ് നടത്തിയ വാഹന പരിശോധന

ചാലക്കുടി: മദ്യ വിൽപ്പനശാലയ്ക്ക് സമീപം വഴിമുടക്കി പൊലീസിന്റെ വാഹന പരിശോധന. വിൽപ്പന കുടുതൽ നടക്കുന്ന രാത്രി വേളയിൽ നടന്ന പരിശോധനയിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. ബിവറേജസ് ഷോപ്പിലേക്കുള്ള ഇടവഴിയിൽ ജീപ്പ് വട്ടമിട്ടായിരുന്നു പൊലീസ് നിലയുറപ്പിച്ചത്.

പൊലീസ് ജീപ്പിന്റെ വഴിമുടക്കൽ നിമിത്തം ഷോപ്പിൽ നിന്നും മടങ്ങിയവർ കടന്നുപോകാൻ ഇടമില്ലാതെ നട്ടംതിരിഞ്ഞു. തിങ്ങി ഞെരുങ്ങി നീങ്ങിയ രണ്ടു ബൈക്കുകൾ തെന്നിവീഴുകയും ചെയ്തു. ഇതിനിടെ കുപ്പിയുമായി മടങ്ങിയ ബൈക്കുകാരെ ഊതിക്കലും നടന്നു. വിൽപ്പന ശാലയുടെ തൊട്ടരികിൽ നിന്ന് പൊലീസ് നടത്തിയ ഊതിക്കലിൽ നാട്ടുകാർ അന്തംവിട്ടു.

കഴിഞ്ഞ ദിവസമാണ് ചാലക്കുടി ബിവറേജിൽ സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. ഇതോടെ കച്ചവടവും വർദ്ധിച്ചു. അമിതമായുള്ള വാഹനങ്ങളുടെ പോക്കുവരവിൽ ഗാതാഗതം തടസ്സപ്പെടാതിരിക്കാൻ ശ്രമിക്കുന്നതിനു പകരം, പൊലീസ് തന്നെ ഗതാഗത സ്തംഭനനമുണ്ടാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. പകപോക്കൽ പോലെ ഏറെ നേരം കഴിഞ്ഞാണ് പൊലീസ് സംഘം മടങ്ങിയത്.