പാവറട്ടി: മുല്ലശ്ശേരി പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 54.8 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. മുല്ലശ്ശേരി പാവറട്ടി പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ആവിഷ്‌കരിച്ച പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നും അതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുരളി പെരുനെല്ലി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാവറട്ടി മുല്ലശ്ശേരി പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം നടത്തുന്നതിനായി 109 കി.മീ. വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ടിന് അനുമതി ലഭിച്ചത്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കുടിവെള്ള പദ്ധതിയുടെ കിണറിന്റെയും ജല ശുദ്ധീകരണ ശാലയുടെയും പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. പാവറട്ടിയിൽ നിർമ്മിക്കുന്ന 6.7 ലക്ഷം ലിറ്റർ ജലസംഭരണിയുടെ 60% പണി പൂർത്തീകരിച്ചു. മുല്ലശ്ശേരിയിൽ നിർമ്മിക്കുന്ന 5.5 ലക്ഷം ലിറ്റർ ജലസംഭരണിയുടെ 98% പണിയും പൂർത്തീകരിച്ചു. രണ്ട് പ്രവൃത്തികളും ഈ മാസത്തിൽ തന്നെ പൂർത്തീകരിക്കും. ചാട്ടുകുളം മുതൽ പാവറട്ടി, മുല്ലശ്ശേരി ജലസംഭരണി വരെയുള്ള ഗ്രാവിറ്റി മെയിൽ 13.8 കി.മീ. സ്ഥാപിക്കുന്ന പ്രവൃത്തി 50 % പൂർത്തീകരിച്ചതായും ബാക്കി പണികൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും റോഡ് കട്ടിംഗിനുള്ള അനുമതി ലഭിച്ചാലുടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.