ചാലക്കുടി: ദേശീയ പാതയിലെ അടിപ്പാത നിർമ്മാണം പത്തുമാസത്തിനകം പൂർത്തിയാക്കുമെന്ന് കളക്ടർ എ. ഷാനവാസിനെ കരാർ കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായി നർമ്മാണ സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു കളക്ടർ. ഇതിനു മുന്നോടിയായി വ്യക്തമായ പ്ലാൻ സമർപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

നിർമ്മാണം നടക്കുന്ന കാലയളവിൽ ദേശീയപാതയിലെ വാഹന ഗതാഗത നിയന്ത്രണത്തെക്കുറിച്ചും രൂപ രേഖയുണ്ടാക്കി നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിർമ്മാണം അനന്തമായി നീളുന്നതിൽ കാരാർ കമ്പനിയുടെ ഉദ്യോഗസ്ഥരെ കളക്ടർ നീരസം അറിയിച്ചു. ദേശീയപാതയിൽ നടക്കുന്ന ഒരു അണ്ടർ പാസേജ് നിർമ്മാണത്തിന്റെ ഒരുക്കളൊന്നും സ്ഥലത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാലക്കുടിയിലെ അഡ്വ. ക്ലമൻസ് തോട്ടാപ്പിള്ളി, കൗൺസിലർ വി.ജെ. ജോജി എന്നിവർ സമർപ്പിച്ച കേസിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാത നിർമ്മാണം സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിന് ഹൈക്കോടതി, ജില്ലാ കളക്ടറോട് നിർദ്ദേശിച്ചത്.

നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ രാജു എന്നിവരും സ്ഥലത്തെത്തിയിരുന്നു.