padiyam

നവീകരണമില്ലാതെ കിടക്കുന്ന കൊട്ടാരപറമ്പ് പുഴയോര കൽക്കടവ്

കാഞ്ഞാണി: അന്തിക്കാട് പഞ്ചായത്തിലെ പടിയം കൊട്ടാര പറമ്പ് പുഴയോരത്തെ കൽക്കടവ് നവീകരണവും ലൈറ്റ് സ്ഥാപിക്കുന്നതും ഇനിയും നടപ്പായില്ല. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകുന്നതും തിരിച്ചു വരുന്നതും ഈ കടവിലൂടെയാണ്. കക്ക വാരുന്ന തൊഴിലാളികളും ആശ്രയിക്കുന്ന കൽക്കടവാണിത്.

പുഴയോരത്തെ കോൺക്രീറ്റ് ഭിത്തി തകർന്ന നിലയിലാണ്. സംരക്ഷണ ഭിത്തിയും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. മഴ പെയ്താൽ മണ്ണു മുഴുവൻ പുഴയിലേക്ക് ഒലിച്ചുപോകുന്ന അവസ്ഥയാണുള്ളത്. കനോലി കനാലിലെ മത്സ്യബന്ധനത്തിനിടെ നിരവധി തൊഴിലാളികൾ ഇവിടെ വിശ്രമിക്കാനെത്തുന്നതും പതിവ് കാഴ്ചയാണ്. മത്സ്യത്തൊഴിലാളികളുടെ വഞ്ചിയും വലയും സൂക്ഷിക്കുന്നതും കൽക്കടവിലാണ്. കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നായി ദിവസവും നിരവധി പേരാണ് കുളിക്കാനെത്തുന്നത്.

വർഷങ്ങൾക്ക് മുൻപ് നിർമിച്ച കോൺക്രീറ്റ് തറ മാത്രമാണ് ഇവിടെയുള്ളത്. തറ അറ്റകുറ്റപണികൾ നടത്തിയിട്ട് വർഷങ്ങളായി. ഇവിടെ വഴിവിളക്കും ഇല്ല. അതിനാൽ രാത്രിയിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾ അടക്കുമുള്ളവർ ഏറെ ഭീതിയിലാണ്. ഇഴജന്തുക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്.

കടവിൽ ലൈറ്റ് സ്ഥാപിക്കണമെന്നും അറ്റകുറ്റപണികൾ നടത്തി നവീകരിക്കണമെന്നും പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഫണ്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിലുൾപ്പെടുത്തി കൽക്കടവ് നവീകരിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെട്ടു.

..........................

കടവിൽ ലൈറ്റ് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടുള്ളതാണ്. സ്ഥാപിക്കാമെന്ന് പറയുകയല്ലാതെ ഇതുവരെ നടപടിയുണ്ടായില്ല. ഏതാനും ദിവസം മുമ്പ് ഈ പ്രദേശത്ത് മൂർഖൻ പാമ്പ് വലയിൽ കുടുങ്ങിയിരുന്നു. കുണ്ടും കുഴിയും കാരണം കടവിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല. ഇവിടെ വൃത്തിയാക്കണമെന്നും വാർഡ് മെമ്പറോട് പറഞ്ഞിട്ടുള്ളതാണ്.

- അബു കെ.എം (പരാമ്പരാഗത മത്സ്യത്തൊഴിലാളി)

കടവ് നവീകരണത്തിന് പഞ്ചായത്തിന് ഫണ്ടില്ല. കടവിന്റെ കാര്യം ആരും പറഞ്ഞിട്ടില്ല. ലൈറ്റ് സ്ഥാപിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഇത്തവണ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാമെന്നുള്ളത്.

- സുമൈറ ബഷീർ (14 -ാം വാർഡ്, അന്തിക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)​