തൃശൂർ: ക്ഷേത്രത്തിലെ ശൗചാലയങ്ങളിലൊന്നിൽ 'ബ്രാഹ്മണർക്ക്" മാത്രമെന്ന് എഴുതി വച്ചത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ എഴുത്തു മായ്ച്ച് അധികൃതർ തടിതപ്പി. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ സ്ത്രീകൾ, പുരുഷൻമാർ, ബ്രാഹ്മിൻസ് എന്നെഴുതിയ മൂന്ന് ശൗചാലയങ്ങളുടെ ചിത്രമാണ് ഇന്നലെ പ്രചരിച്ചത്.
ജാതീയമായ വിവേചനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വിൽവട്ടം മേഖലാകമ്മിറ്റി കൊച്ചിൻ ദേവസ്വം ബോർഡിന് പരാതി നൽകി. തുടർന്ന് ബോർഡിന്റെ നിർദ്ദേശപ്രകാരം ക്ഷേത്രം അധികൃതർ എഴുത്ത് മായ്ച്ചു കളയുകയായിരുന്നു. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഉത്സവം തുടങ്ങിയിരുന്നു. ഉത്സവം കാണാനെത്തിയ ആളാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
ക്ഷേത്ര പരിസരത്തു നിന്ന് അകലെ കുളത്തിനോടു ചേർന്ന് വർഷങ്ങൾക്കു മുമ്പ് പണിത ശൗചാലയമാണെന്നും ജാതി വേർതിരിവുകൾ ഇല്ലെന്നുമായിരുന്നു ഭാരവാഹികളുടെ വിശദീകരണം. എഴുത്ത് മായ്ച്ചു കളഞ്ഞ വിവരം അവർ സാമൂഹ്യ മാദ്ധ്യമത്തിൽ ഷെയറും ചെയ്തു.
അബ്രാഹ്മണർക്ക് പൂജാരിയായി നിയമനം നൽകിയ കൊച്ചിൻ ദേവസ്വം ബോർഡ് തന്നെ ജാതീയയ്ക്ക് കൂട്ടുനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധമുയർന്നത്. പുറപ്പെടാശാന്തിക്കായി തയ്യാറാക്കിയ ശൗചാലയമായതു കൊണ്ടാണ് അങ്ങനെ എഴുതി വച്ചതെന്നായിരുന്നു ചിലരുടെ ന്യായീകരണം. എങ്കിൽ, 'ബ്രാഹ്മിൻസ്' എന്ന് എന്തിന് എഴുതിയെന്ന മറുചോദ്യവും ഉയർന്നു.
''2003 ൽ നിർമ്മിച്ച ശൗചാലയമാണത്. ഇന്നേവരെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നത് അറിഞ്ഞതോടെ ഉടനെ മായ്ച്ചുകളയാൻ നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബോർഡും അന്വേഷിക്കും. ''
- എ.ബി മോഹനൻ,
കൊച്ചിൻ ദേവസ്വം പ്രസിഡന്റ്
'' വേദം പഠിച്ച ഹിന്ദുക്കളെ ജാതിഭേദമന്യേ പൂജാരിയായിപ്പോലും നിയമിക്കുന്ന കാലത്ത്, ബ്രാഹ്മണർക്ക് എന്ന രീതിയിൽ ശൗചാലയം ഒരുക്കുന്നത് നിയമങ്ങൾക്കതിരാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ്. ദേവസ്വം ബേർഡ് നടപടിയെടുക്കണം .''
- ഡി.വൈ.എഫ്.ഐയുടെ പരാതി