എരുമപ്പെട്ടി: അംഗൻവാടിയിൽ വൈദ്യുതിയില്ലാത്തതിനെ തുടർന്ന് പിഞ്ചുകുട്ടികൾ ദുരിതത്തിൽ. എരുമപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡ് മുട്ടിക്കൽ പത്താം നമ്പർ അംഗൻവാടിയിലെ കുരുന്നുകളാണ് കൊടും ചൂടിൽ ഫാൻ പോലും ഇല്ലാതെ ദിവസങ്ങൾ തള്ളിനീക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വിഹിതം പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പണി തീർത്ത ഈ അംഗൻവാടിയുടെ ഉദ്ഘാടനം മൂന്ന് മാസങ്ങൾക്ക് മുൻപ് സ്ഥലം എം.എൽ.എയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ.സി. മൊയ്തീനാണ് നിർവ്വഹിച്ചത്.
അംഗൻവാടി കെട്ടിടത്തിന് മുകളിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സാമൂഹിക പഠന കേന്ദ്രവും നിർമിച്ചിട്ടുണ്ട്. എന്നാൽ ഈ രണ്ട് സ്ഥാപനത്തിലും വയറിംഗ് പ്രവൃത്തികൾ നടത്തുകയോ വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച അംഗൻവാടി കെട്ടിടത്തിന് ഇലക്ട്രിഫിക്കേഷൻ പണി പൂർത്തികരിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനിൽ ഉൾപ്പെടുന്നതാണ് അംഗൻവാടി.
വാർഡ് മെമ്പറും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. അംഗൻ വാടിക്ക് വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ ഫ്രിജോ വടക്കൂട്ട് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നേതാക്കളായ പി.എസ്. സുനീഷ്, എം.എം. സലീം, എൻ.കെ. കബീർ, രഘു കരിയന്നൂർ, നിധിൻ എരുമപ്പെട്ടി, അജു നെല്ലുവായ്, വിമൽ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.