ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്‌കൂൾ 96-ാം വാർഷികവും രക്ഷാകർതൃദിനവും, യാത്രഅയപ്പ് സമ്മേളനവും, അവാർഡ്ദാന, അനുമോദന സമ്മേളനവും കെ.ജി. വിഭാഗത്തിന്റെ വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ ഇന്നും നാളെയും നടക്കുമെന്ന് സ്‌കൂൾ മാനേജർ കെ.കെ. പ്രധാൻ, പി.ടി.എ പ്രസിഡന്റ് സി.എ. ജംഷീർ അലി, ഒ.എസ്.എ പ്രസിഡന്റ് എം.എസ്. ശിവദാസ്, എം.എസ്. ശ്രീവത്സൻ, കെ.എച്ച്. ഷാഹുൽ ഹമീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് വിദ്യാലയാങ്കണത്തിൽ കെ.കെ. കേശവൻ മെമ്മോറിയൽ അനുസ്മരണ സമ്മേളനവും കിഡ്‌സ് ഫെസ്റ്റും നടക്കും. ചാവക്കാട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.സി. ആനന്ദൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എച്ച്. സലാം അദ്ധ്യക്ഷനാകും. കെ ജി വിഭാഗം കുട്ടികളുടെയും അങ്കണവാടി കുട്ടികളുടെയും കലാപരിപാടികൾ ഉണ്ടാകും.
നാളെ ഉച്ചയ്ക്കുശേഷം രണ്ടിന് സ്‌കൂൾ 96-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും അവാർഡ്ദാന, അനുമോദന സമ്മേളനവും കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനാകും. സിനി ആർട്ടിസ്റ്റ് വി.കെ. ശ്രീരാമൻ മുഖ്യാതിഥിയാകും. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകൻ എം.പി. മുഹമ്മദ് ഇഖ്ബാലിനും, സ്‌കൂൾ അസിസ്റ്റന്റ് സി.ജി. രജനിക്കും യാത്രഅയപ്പ് നൽകും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. ഒട്ടേറെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.