തൃശൂർ: നാടക സമിതിക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്ഥാപിച്ചിരുന്ന ബോർഡിന് വലുപ്പം കൂടിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പിഴയടപ്പിച്ച സംഭവം വിവാദത്തിൽ. നടപടി നിയമപ്രകാരമാണെന്നും 9,600 രൂപയാണ് പിഴ ഈടാക്കിയതെന്നും മോട്ടോർ വാഹന വകുപ്പ് പിന്നീട് വിശദീകരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു.
ജില്ലാ ആർ.ടി.ഒ കൂടിയായ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഷാജി മാധവനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം ചാവക്കാട് ബ്ലാങ്ങാട് നാടകം അവതരിപ്പിക്കാൻ പോകുകയായിരുന്ന ആലുവ അശ്വതി നാടക സമിതിയുടെ വാഹനത്തിന് ചേറ്റുവയിൽ വച്ച് തൃപ്രയാർ സബ് ആർ.ടി.ഒ പിഴയിടുകയായിരുന്നു. വാഹനത്തിന്റെ മുകളിലുള്ള ബോർഡിന്റെ അളവെടുത്ത ശേഷം 24,000 രൂപ പിഴ അടയ്ക്കാനാണ് നിർദ്ദേശിച്ചതെന്ന് നാടക സമിതിക്കാർ പറയുന്നു. ഇത്തരം നിയമലംഘനം അനുവദിക്കില്ലെന്ന് വനിതാ ഉദ്യോഗസ്ഥ പറഞ്ഞു.
ഇതിനിടെ നാടകസംഘത്തിലൊരാൾ ഇവരോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
26,000 രൂപയ്ക്ക് നാടകം അവതരിപ്പിക്കുന്നവരിൽ നിന്ന് 24,000 രൂപ പിഴയടപ്പിച്ചത് നീതികരിക്കാനാവില്ലെന്നാണ് നാടക പ്രവർത്തകർ പറയുന്നത്.
'വാഹനത്തിലെ ബോർഡുകളുടെ വലുപ്പം 48,000 സെന്റി മീറ്ററിന് മുകളിലായാൽ മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരം 9,600 രൂപയാണ് അടയ്ക്കേണ്ടത്. നാടക സംഘത്തോട് 24,000 രൂപ പിഴയടക്കാൻ പറഞ്ഞുവെന്നത് ശരിയല്ല. 14 ദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടത്.
- ഷാജി മാധവൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ തൃശൂർ