കാഞ്ഞാണി : മണലൂർ പാലാഴിയിൽ രണ്ട് കുട്ടികളുടെ മാതാവായ യുവതി ജീവനൊടുക്കിയ സംഭവത്തിലുൾപ്പെടെ ആത്മഹ്യ പ്രേരണയുളവാക്കുന്ന ആളുകൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാവുന്ന രീതിയിലേക്ക് നിയമ സംവിധാനം മാറണമെന്ന് വനിതാ കമ്മിഷൻ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. പാലാഴിയിൽ മരിച്ച ശ്യാംഭവിയുടെ വീട് സന്ദർശിക്കുകയായിരുന്നു അവർ. ശ്യാംഭവിയുടെ അമ്മ തങ്കയും, ജോബിന്റെ അമ്മ ബേബിയും വിവരം കമ്മിഷനെ ധരിപ്പിച്ചു. പാലാഴി വലിയ കാരണത്ത് ശ്രീമുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ ചടങ്ങിനിടയിൽ യുവതിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് കോമരം ശ്രീകാന്ത് കൽപ്പന പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ ആത്മഹത്യക്ക് കാരണമായി പറയുന്ന സംഭവങ്ങൾ അവിശ്വസനീയമായി തോന്നുന്നതായും, വിദ്യാ സമ്പന്നരെന്ന് വിശേഷിപ്പിക്കുന്ന കേരളീയ സമൂഹത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ അത്ഭുതപ്പെടുത്തുന്നതായും ജോസഫൈൻ പറഞ്ഞു. വിഷയത്തിൽ തൃശൂർ എസ്.പിയോട് റിപ്പോർട്ട് തേടുമെന്നും ജോസഫൈൻ പറഞ്ഞു. ശ്യാംഭവിയുടെ മക്കൾക്ക് കൗൺസലിംഗ് നൽകാൻ സാമൂഹിക പ്രവർത്തക മാലാ രമണന് കമ്മിഷൻ നിർദ്ദേശം നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, വനിതസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. പി.കെ കുശലകുമാരി, സെക്രട്ടറി ഡോ. ആർ. ശ്രീലതവർമ്മ , സംസ്ഥാന ട്രഷറർ ഡോ.ആർ. ഷീല, പു.ക.സ സംസ്ഥാന സെക്രട്ടറി ഡോ.സി. രാവുണ്ണി തുടങ്ങിയവരും ജോസഫൈനോടൊപ്പം ഉണ്ടായിരുന്നു.